യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു
ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് സുപ്രീം കോടതി വിമര്‍ശനം. കേസില്‍ നഷ്ടപരിഹാരമായി യു.പി സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഒരുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം.
നോട്ടീസ് പോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ചോദിച്ചു. കുറ്റക്കാരായവര്‍ക്കെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹൈവേ കയ്യേറിയെന്നാരോപിച്ച് മുന്‍കൂര്‍ അറിയിപ്പോ വിശദീകരണമോ ഇല്ലാതെ വീട് പൊളിച്ചെന്നാണ് ഹരജിക്കാരന്റെ ആരോപണം. ഒരു റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ മാധ്യമങ്ങളെ അറിയിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരമായാണ് തന്റെ വീട് പൊളിച്ചതെന്നും ഹരജിക്കാരന്‍ ആരോപിച്ചു. ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന യുപി സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. എല്ലാ രേഖകളും ഇതിനകം സമര്‍പ്പിച്ചതിനാല്‍ കേസ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
Bulldozer Raj in UP Supreme Court with severe criticism A compensation of Rs 25 lakh was ordered
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."