കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്തുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ ഹോട്ടലിന് പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഹോട്ടലില്‍ പൊലീസ് പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് പാലക്കാട്ടെ കെപിഎംഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോയപ്പോള്‍ ഫെനിയുടെ കൈവശമുണ്ടായത് തന്റെ ബാഗായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ഫെനി ഈ ബാഗ് കയറ്റുന്നത്. ഈ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറില്‍ കയറി. ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗ്രേ കളറുള്ള ഇന്നോവ കാറില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനത്തിലാണ് ഫെനി സഞ്ചരിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവ ദിവസം താന്‍ ഹോട്ടലില്‍ വന്നിരുന്നതായും അവലോകന യോഗത്തിന് ശേഷം താന്‍ കോഴിക്കോട്ടേക്ക് പോയി എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം നേരത്തെ, സിപിഎമ്മിനും ബിജെപിക്കുമെതിരെ ഷാഫി പറമ്പില്‍ എംപി വിമര്‍ശനമുന്നയിച്ചിരുന്നു. സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യതയാണെന്ന് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച ഹോട്ടലില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കള്‍ നടത്തുന്നതെന്നും ഷാഫി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."