തിരിച്ചറിയുന്നതിനായി ഹജ്ജ് തീര്‍ഥാടകര്‍ക്ക് പ്രത്യേക വള
നെടുമ്പാശ്ശേരി: അടിയന്തിര സാഹചര്യങ്ങളില്‍ ഹജ്ജ് തീര്‍ഥാടകരെ തിരിച്ചറിയുന്നതിന് ഹജ്ജ് ക്യാംപില്‍ വച്ച് തന്നെ പ്രത്യേക വള അണിയിക്കുന്നു. സ്റ്റീല്‍ നിര്‍മ്മിതമായ വളകളാണ് ഓരോ തീര്‍ഥാടകരെയും അണിയിക്കുന്നത്.
ഹജ്ജ് ക്യാംപിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹജ്ജ് സെല്ലില്‍ എത്തി യാത്രാരേഖകള്‍ കൈമാറുന്നതിനൊപ്പമാണ് ഈ വള അണിയിക്കുന്നത്.
ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയ ശേഷം മാത്രമേ ഇത് അഴിച്ചുമാറ്റാവു എന്ന് തീര്‍ഥാടകര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കുന്നുണ്ട്.
രാജ്യത്തിന്റെ പേര്, സംസ്ഥാനം, കവര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഒറ്റപ്പെട്ടു പോകുകയോ, അപകടത്തില്‍പെടുകയോ മറ്റോ ചെയ്താല്‍ വളയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സഊദി പോലീസിനും, വളണ്ടിയര്‍മാര്‍ക്കും എളുപ്പത്തില്‍ സഹായിക്കാനാകും. ഒറ്റപ്പെട്ടു പോകുന്ന സാഹചര്യങ്ങളില്‍ ഭാഷ അറിയാത്തതിന്റെ പേരില്‍ പ്രായമായവര്‍ ഉള്‍പ്പെടെ അനുഭവിക്കുന്ന ബുദ്ധിമുട്ടിനും ഇത് പരിഹാരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."