സ്റ്റാന്‍ഡില്‍ ബസുകള്‍ കയറിത്തുടങ്ങി
വടകര: ആയഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ കയറിത്തുടങ്ങി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ട്രാഫിക് റഗുലേറ്ററി അതോറിറ്റിയും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. മത്തായി ചാക്കോ എം.എല്‍.എയായിരിക്കുമ്പോഴാണ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചത്. ആറ് വര്‍ഷം മുന്‍പ് സ്റ്റാന്‍ഡ് പണിതെങ്കിലും കൃത്യമായി ബസുകള്‍ കടന്നു യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിരുന്നില്ല. ചുരുങ്ങിയകാലം മാത്രമാണ് ജനങ്ങള്‍ക്ക് സ്റ്റാന്‍ഡിന്റെ ഗുണം ലഭിച്ചത്. പല കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നതോടെ ബന്ധപ്പെട്ടവര്‍ യോഗം ചേര്‍ന്ന് നടപടി കൈക്കൊള്ളുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഷിജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പെടെയുള്ളവരുടെ യോഗത്തിലാണ് സ്റ്റാന്‍ഡില്‍ ബസ് കയറ്റാന്‍ തീരുമാനമായത്.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം റഷീദയുടെ അധ്യക്ഷതയില്‍ ട്രാഫിക് റഗുലേറ്ററി യോഗം ചേര്‍ന്ന് തീരുമാനത്തിന് അംഗീകാരം നല്‍കി.
ഇതനുസരിച്ച് വടകര ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ പഴയ വില്ലേജ് ഓഫിസിനടുത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത ശേഷം ബസ് സ്റ്റാന്‍ഡില്‍ മാത്രം നിര്‍ത്താനാണ് നിര്‍ദേശം.
കുറ്റ്യാടി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. ആവശ്യമാണെങ്കില്‍ ടൗണില്‍ ഇപ്പോഴുള്ള സ്റ്റോപ്പില്‍ നിര്‍ത്താം. തിരുവള്ളൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റണം. തിരുവള്ളൂരിലേക്ക് പോകുന്ന ബസുകള്‍ അഞ്ചു മിനുട്ട് മാത്രമേ റോഡില്‍ നിര്‍ത്താന്‍ പാടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."