ശാപമോക്ഷം കാത്ത് നഗരസഭാ പാര്‍ക്ക്
വടകര: പണി മുഴുവന്‍ പൂര്‍ത്തിയാക്കാതെ പേരിനുമാത്രം തുറന്ന മൂനിസിപ്പല്‍ പാര്‍ക്ക് വീണ്ടും അടഞ്ഞു. സ്വകാര്യ സ്ഥാപനത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്താന്‍കൊടുത്ത പാര്‍ക്ക് നിയമയുദ്ധത്തിനൊടുവില്‍ രണ്ടുവര്‍ഷം മുന്‍പാണ് നഗരസഭക്ക് തിരിച്ചുകിട്ടിയത്. കാടുമൂടികിടന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്ന പാര്‍ക്കിന് ഇതോടെ ശാപമോക്ഷം ലഭിച്ചെന്നാണ് കരുതിയത്.
ആറുമാസം മുന്‍പ് കാടുവെട്ടിത്തെളിച്ച് നിലം ടൈല്‍സ് പാകി നന്നാക്കിയിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയാക്കാതെ വീണ്ടും പാര്‍ക്ക് അടഞ്ഞുകിടക്കുകയാണ്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങളെല്ലാം ചായംപൂശി നന്നാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ക്ക് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
പാര്‍ക്ക് പണി പൂര്‍ത്തിയാക്കി തുറക്കാത്തതില്‍ കഴിഞ്ഞ വേനല്‍ അവധിക്കാലത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. ഓണം, ക്രിസ്മസ് അവധികള്‍ വരാനിരിക്കുമ്പോഴും പണി മുഴുമിപ്പിക്കാനോ പാര്‍ക്ക് തുറക്കാനോ നഗരസഭ നടപടിയെടുക്കുന്നില്ല.
പാര്‍ക്കിനകത്തെ മരങ്ങള്‍ പലതും സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാണ്. പാര്‍ക്കിലെ കാടു വെട്ടിതെളിച്ചപ്പോള്‍ മുളകള്‍ മുഴുവന്‍ മുറിച്ചു കൊണ്ടുപോയെങ്കിലും മരങ്ങള്‍ മാറ്റിയിരുന്നില്ല. ഇവ സമീപത്തെ വീടുകളിലേക്ക് വീഴാന്‍ പാകത്തിലാണുള്ളതെന്നും ഉടന്‍ മുറിക്കണമെന്നുമാണ് സമീപവാസികളുടെ ആവശ്യം. നഗരസഭയുടെ നിരുത്തരവാദിത്തത്തിന്റെ സ്മാരകമായി മാറിയിരിക്കുകയാണ് നഗരത്തിലെ ഏക പാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."