സോളിഡാരിറ്റി ക്ഷേമവികസന പദ്ധതി പ്രഖ്യാപനം ഇന്ന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രെജക്റ്റ് ജില്ലാതല പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ നിര്‍വഹിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.സി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കോര്‍പറേഷനിലെ കുണ്ടായിത്തോടിന് അടുത്തുള്ള നാത്തൂനിപ്പാടത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ളതാണ് പദ്ധതി.
വിദ്യാഭ്യാസം, അരോഗ്യം, തൊഴില്‍ എന്നീ രംഗങ്ങളില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പ്രദേശമാണ് നാത്തൂനിപ്പാടം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികപഠനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേമവികസനപദ്ധതിക്ക് സോളിഡാരിറ്റി രൂപം നല്‍കിയിരിക്കുന്നത്.
പതിനഞ്ചു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പദ്ധതി വഴി സമഗ്രമായ വികസനമാണ് സോളിഡാരിറ്റി ലക്ഷ്യംവെക്കുന്നത്. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികളുടെ പഠനചെലവ് വഹിക്കല്‍, ഗൈഡന്‍സ് ക്ലാസുകള്‍, രോഗികള്‍ക്കുള്ള ദൈനംദിന ചികിത്സാസഹായം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സിലിങ് തുടങ്ങിയവയാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്.
നാത്തൂനിപ്പാടത്ത് വച്ച് ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പ്രഖ്യാപന ചടങ്ങ്. സമ്മേളനത്തില്‍ ചെരാല്‍ പ്രമീള, സദുമോഹനന്‍, കെ. രാമന്‍, സി.കെ കോമു, ഹാമിദ് സാലിം, ബിജു, ഫൈസല്‍, ഉമ്മര്‍കോയ, വി.പി ബഷീര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."