പരിസരം തൊണ്ടിവാഹനങ്ങള്‍ കൈയടക്കുന്നു മുഖം വീണ്ടും മങ്ങി ഹജൂര്‍ കച്ചേരി
തിരൂരങ്ങാടി: തൊണ്ടിവാഹനങ്ങള്‍ തള്ളിയതോടെ ചെമ്മാട് ഹജൂര്‍ കച്ചേരിയുടെ മുഖം വീണ്ടും മങ്ങുന്നു. തിരൂരങ്ങാടി താലൂക്ക്ഓഫിസ് വളപ്പിലാണ് പൊലിസ് പിടികൂടുന്ന മണല്വാഹനങ്ങളടക്കം വീണ്ടുംതള്ളുന്നത്. ദിനംപ്രതി ഇവയുടെ എണ്ണം കൂടിവന്നതോടെ പരിസരത്ത് തെരുവ്നായകളുടെ വിഹാരവും വര്‍ധിച്ചു.
ബ്രിട്ടീഷുകാര്‍ നിര്‍മിക്കുകയും ഏറെ ചരിത്രപ്രാധാന്യവുമുള്ള ഹജൂര്‍കച്ചേരി ജില്ലാ പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് വാഹനങ്ങള്‍ ഇവിടെനിന്നും പൂര്‍ണമായി നീക്കം ചെയ്തിരുന്നു. റവന്യൂഅധികൃതരും പൊലിസും പിടികൂടിയ മണല്‍ ലോറികള്‍ അടക്കമുള്ള നൂറോളം വാഹനങ്ങള്‍ കോഴിച്ചെന കണ്ടംചിറ മൈതാനത്തേക്കും ചെമ്മാട് പൊലിസ് ക്വാര്‍ട്ടേഴ്സ് വളപ്പിലേക്കുമാണ് മാറ്റിയത്.
പിന്നീട് പരിസരം ശുചീകരിക്കുകയും ചെയ്തതോടെ പട്ടണത്തിലെത്തുന്ന ആളുകള്‍ക്ക് ഏറെ ഭീഷണി സൃഷ്ടിച്ചിരുന്ന തെരുവുനായ്ക്കളും സ്ഥലംവിട്ടു.
എന്നാല്‍ ഇവിടെ വീണ്ടും വാഹനങ്ങള്‍ തള്ളുന്നതോടെ തെരുവ് നായ്ക്കളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ആറു ലക്ഷം രൂപയാണ് അധികൃതര്‍ ചെലവഴിച്ചത്. താലൂക്ക് ഓഫിസിലെ സ്റ്റാഫ് കൗണ്‍സില്‍ സ്വന്തം കീശയില്‍നിന്നും ഇതിനായി 10,000 രൂപ ചെലവഴിച്ചിരുന്നു. വീണ്ടും വാഹനങ്ങള്‍ തള്ളിയതോടെ ലക്ഷങ്ങള്‍ മുടക്കിയ പ്രവൃത്തി വൃഥാവിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."