താറാവുകൂട്ടവുമായി കര്‍ഷകര്‍ എത്തിയത് കൗതുകക്കാഴ്ചയായി
വളാഞ്ചേരി: താറാവുകൂട്ടവുമായി കര്‍ഷകര്‍ എത്തിയത് കൗതുകകാഴ്ച്ചയായി.വളാഞ്ചേരി കോട്ടപ്പുറം പാടത്താണ് കര്‍ഷകര്‍ താറാവുകൂട്ടങ്ങളുമായി തീറ്റതേടിയെത്തിയത്. മുന്‍കാലങ്ങളില്‍ വര്‍ഷാരംഭത്തില്‍ നിരവധി താറാവുകൂട്ടങ്ങള്‍ വയലുകളില്‍ കാണാമായിരുന്നെങ്കിലും ഇപ്പോള്‍ ഇത് അപൂര്‍വമാണ്. താറാവുകളുടെ ഇഷ്ട ഭക്ഷണങ്ങളായ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുളള ജലജീവികള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതും മഴയുടെ കുറവും താറാവുകൂട്ടങ്ങളുടെ വരവ് നിലക്കുകയായിരുന്നു.
തിരുവല്ല സ്വദേശി പടുവത്തില്‍ ചന്ദ്രന്‍ (54), ആലപ്പുഴ മേമ്പ്ര പുത്തന്‍പുര ജോഷി(45) എന്നീ താറാവു കര്‍ഷകരാണ് 1100 താറാവുകളുമായി കോട്ടപ്പുറം വയലുകളില്‍ എത്തിയത്.പാരമ്പര്യമായി താറാവു കര്‍ഷകരായ ഇവര്‍ രാവിലെ ആറരയോടെ താറാവുകൂട്ടങ്ങളുമായി പാടത്ത് ഇറങ്ങിയാല്‍ വൈകുന്നേരം ആറിനേ തിരിച്ചു കയറുകയുള്ളു.
താറാവുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് കിട്ടുന്ന താറാവുമുട്ടയുടെ അളവും കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു.ഏകദേശം 350 ഓളം മുട്ടകളാണ് ഒരു ദിവസം ലഭിക്കുന്നത്.വയലുകളില്‍ നിന്നും ലഭിക്കുന്ന തീറ്റ കുറഞ്ഞതിനാല്‍ അരിയാണ് ഇപ്പോള്‍ ഇവയുടെ കാര്യമായ ഭക്ഷണം. രാത്രിയില്‍ കുറുക്കന്‍മാരുടെയും കാട്ടുപൂച്ചകളുടെയും ശല്യമുള്ളതിനാല്‍ ഉറക്കമിളിച്ചാണ് താറാവുകൂട്ടങ്ങളെ ഇവര്‍ സംരക്ഷിക്കുന്നത്. പാടത്തിനോട് ചേര്‍ന്ന് ടെന്റ് കെട്ടിയാണ് ഇവരുടെ താമസം. മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ താറാവുമുട്ട ലഭിക്കുന്നതിനാല്‍ ആവശ്യക്കാര്‍ നേരിട്ടെത്തി മുട്ട വാങ്ങിക്കും. രണ്ട് മാസത്തോളം പാലക്കാട് ജില്ലയിലെ ചെമ്പ്ര പാടശേഖരത്തില്‍ നിന്നുമുളള തീറ്റകഴിഞ്ഞാണ് ഇവര്‍ മലപ്പുറം ജില്ലയിലേക്കെത്തിയത്. കോട്ടപ്പുറം പാടത്ത് ഏകദേശം ഒരു മാസത്തോളം ചെലവഴിക്കും. ഇവിടെ ഞാറു നടീല്‍ ആരംഭിക്കുന്നതോടെ സ്വദേശത്തേക്ക് തിരിച്ചു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."