'നാടകം കളിക്കരുത്, കളിച്ചാല്‍ ജയിലില്‍ അടക്കും; റിലീസ് ചെയ്യാനറിയാമെങ്കില്‍ കാന്‍സല്‍ ചെയ്യാനും കോടതിക്കറിയാം' ജയിലില്‍ തുടര്‍ന്നതില്‍ ബോബിക്ക് രൂക്ഷ വിമര്‍ശനം
കൊച്ചി: ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ജയിലില്‍ തുടര്‍ന്നതില്‍ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റിലീസ് ഓര്‍ഡര്‍ വാങ്ങാന്‍ താമസമെന്തെന്ന് കോടതി ചോദിച്ചു. നാടകം കളിക്കരുതെന്നും കളിച്ചാല്‍ ജയിലില്‍ അടക്കുമെന്നും കോടതിക്ക് ബോബിക്ക് മുന്നറിയിപ്പ് നല്‍കി. ിലീസ് ചെയ്യാനറിയാമെങ്കില്‍ കാന്‍സല്‍ ചെയ്യാനും കോടതിക്കറിയാമെന്നും കോടതി വ്യക്തമാക്കി. തന്റെ മുകളില്‍ ആരുമില്ലെന്നാണ് ബോബിയുടെ വിചാരം ഇങ്ങനെയാണോ ഒരു പ്രതി പെരുമാറേണ്ടത്- കോടതി ചോദിച്ചു.
ബോബിയുടെ അഭിഭാഷകനെ കോടതി വിളിപ്പിച്ചു. ഹൈക്കോടതി ജഡ്ജാണ് അഭിഭാഷകനെ അടിയന്തരമായി വിളിപ്പിച്ചിരിക്കുന്നത്.ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ ബോബി ജയിലില്‍നിന്നിറങ്ങിയിരുന്നില്ല. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ജയിലില്‍ തുടരാനുള്ള ബോബിയുടെ തീരുമാനം.
ബോബിക്കെതിരേ പ്രഥമദൃഷ്ടാ നിലവിലെ കുറ്റം ചുമത്താന്‍ മതിയായ ഘടകങ്ങളെല്ലാമുണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. പരാതിക്കാരിക്കെതിരെ ഹരജിക്കാരന്‍ നടത്തിയ വാക് പ്രയോഗത്തില്‍ ദ്വയാര്‍ഥമുണ്ട്. ഏതുമലയാളിക്കും അത് മനസിലാവും. തന്റെ വ്യക്തിപരമായ നേട്ടങ്ങളും സമൂഹത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവര്‍ക്കുളള താക്കീതു കൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേര്‍ക്കു പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.
2024 ഓഗസ്റ്റ് ഏഴിന് ജ്വല്ലറി ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അനുവാദമില്ലാതെ ശരീരത്തില്‍ പിടിക്കുകയും ചെയ്തുവെന്നതടക്കം ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ എട്ടിന് ബോബിയെ അറസ്റ്റ് ചെയ്തത്.
ജില്ല ജയില്‍ പരിസരത്തേക്ക് ചൊവ്വാഴ്ച നൂറുകണക്കിന് ആരാധകര്‍ എത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്ലക്കാര്‍ഡുകളും പൂക്കളും ബാനറുകളുമായിട്ടാണ് ഇവര്‍ എത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശിച്ചാണ് ബോബിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."