അദാനിക്കായി സര്‍ക്കാര്‍ വിമാനത്താവളവുമൊരുക്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്ക് പിന്നാലെ വിമാനത്താവള പദ്ധതിയ്ക്കും അദാനി ഒരുങ്ങുന്നു. പത്തനംതിട്ടയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം പദ്ധതി തയാറാക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരും അദാനി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതായി സൂചന. പാട്ടക്കാലവധി കഴിഞ്ഞ ഹാരിസന്റെ തോട്ടങ്ങള്‍ ഏറ്റെടുത്ത് വിമാനത്താവളമൊരുക്കാനാണ് സര്‍ക്കാര്‍ നീക്കം. സിയാല്‍ മോഡല്‍ കമ്പനി രൂപീകരിച്ച് ആ കമ്പനിയ്ക്ക് ഈ തോട്ടഭൂമി പാട്ടത്തിനു നല്‍കും. അടിസ്ഥാന വികസനത്തിനാവശ്യമായ സഹായവും സര്‍ക്കാര്‍ നല്‍കും. കമ്പനി പി.പി.പി മോഡലായിരിക്കും. ആര്‍ക്കും ഈ കമ്പനിയില്‍ ഷെയര്‍ എടുക്കാമെന്നായിരിക്കും സര്‍ക്കാര്‍ തീരുമാനിക്കുക. എന്നാല്‍ അദാനിഗ്രൂപ്പിനായിരിക്കും മൊത്തം ഷെയറും നല്‍കുക. വിമാനത്താവളം പൂര്‍ണമായും അദാനിയുടെ നിയന്ത്രണത്തിലായിരിക്കും. കമ്പനിയുടെ തലപ്പത്ത് സര്‍ക്കാര്‍ പ്രതിനിധികളും അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളുമുണ്ടാകും. കേന്ദ്രത്തില്‍ നിന്ന് അദാനിയ്ക്കുവേണ്ടി എല്ലാ സഹായങ്ങളും കിട്ടുമെന്നുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതി തയാറാക്കിയതെന്നും സൂചനയുണ്ട്. റിലയന്‍സിന്റെ സഹകരണമുള്ള കെ.ജി.എസ് ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവളത്തിന്റെ അനുമതി നിഷേധിക്കാന്‍ കാരണം ഇത്തരത്തിലൊരു പദ്ധതി തയാറാക്കിയതിനാലണെന്നും സൂചനയുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കുവേണ്ടി വിമാനത്താവളമൊരുക്കുമെന്ന് മുഖ്യമന്ത്രി ശബരിമലയില്‍ നടത്തിയ അവലോകനയോഗത്തില്‍ പറഞ്ഞത് ഇതു മുന്നില്‍കണ്ടാണെന്നും സൂചനയുണ്ട്.
സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ പോകുന്ന ഹാരിസന്റെ ളാഹ, പെഴുനാട്, കുമ്പള എന്നീ എസ്‌റ്റേറ്റുകളില്‍ ഏതെങ്കിലുമൊന്നായിരിക്കും വിമാനത്താവളത്തിനായി മാറ്റിവയ്ക്കുക. ഈ തോട്ടങ്ങളോടനുബന്ധിച്ച് രണ്ടായിരം ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലായെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കൂടാതെ അദാനിയെ പങ്കാളിയാക്കിയാല്‍ കേന്ദ്രത്തിന്റെ എല്ലാ അനുമതികളും പെട്ടെന്നു നേടിയെടുക്കാന്‍ കഴിയുമെന്നുള്ളതും വിഴിഞ്ഞം തുറുമുഖവുമായി ഈ വിമാനത്താവളത്തെയും ബന്ധിപ്പിക്കാമെന്നും ഇതുവഴി വന്‍വികസനം തന്നെ കേരളത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന ആലോചനയിലാണ് ഇടതുസര്‍ക്കാര്‍. കേരളത്തിലെ അടിസ്ഥാന വികസനത്തിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി പണം കണ്ടെത്താന്‍ ഈ വിമാനത്താവളവും സഹായിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇന്നലെ വിഴിഞ്ഞം പദ്ധതിയ്ക്ക് ഹരിത ട്രൈബ്യൂണലിന്റെ അനുകൂല തീരുമാനമുണ്ടായതോടെ പദ്ധതി വേഗത്തിലാക്കുമെന്നും അനുവദിച്ച സമയത്തിനു മുന്‍പുതന്നെ കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നും അദാനി ഗ്രൂപ്പ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചുവെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."