ജില്ലയില്‍ പണിമുടക്ക് പൂര്‍ണം; ജനജീവിതം സ്തംഭിച്ചു ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയില്‍ പൂര്‍ണം. പണിമുടക്കുമായി ജനം സഹകരിച്ചതോടെ അക്ഷരാര്‍ഥത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു എങ്ങും. നഗരത്തിനു പുറമെ ജില്ലയിലെ പ്രധാന പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം പണിമുടക്ക് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളും ഹോട്ടലുകളും മുഴുവന്‍ അടഞ്ഞുകിടന്നു. പൊതുഗതാഗത സര്‍വിസ് പൂര്‍ണമായി നിലച്ചു. ബസുകളും ടാക്‌സികളും ഓട്ടോറിക്ഷകളും സര്‍വിസ് നടത്തിയില്ല. അപൂര്‍വം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. തുറന്നു പ്രവര്‍ത്തിച്ച ഏതാനും തട്ടുകടകളും ഇളനീര്‍ വിപണനത്തിനെത്തിച്ച ഇതരസംസ്ഥാനക്കാരും മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.
ഹജ്ജ് തീര്‍ഥാടകരുടെ യാത്രയ്ക്ക് തടസമായില്ലെങ്കിലും ഇവരെ യാത്രയയച്ച് മടങ്ങിയ ബന്ധുക്കള്‍ പണിമുടക്കില്‍ വലഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ യാത്രക്കാര്‍ വാഹനം കിട്ടാതെ വീടുകളിലെത്താന്‍ പ്രയാസപ്പെട്ടു. പൊലിസ് വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലുമാണ് യാത്രക്കാരില്‍ പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചിരുന്നില്ല. പണിമുടക്കിനെ തുടര്‍ന്നു ജില്ലയില്‍ കനത്ത സുരക്ഷയായിരുന്നു പൊലിസ് ഒരുക്കിയത്. റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പാളയം തുടങ്ങി സ്ഥലങ്ങളില്‍ പൊലിസ് സംഘം നിലയുറപ്പിച്ചിരുന്നു. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള മില്‍മ ബൂത്ത് സമരാനുകൂലികള്‍ പൂട്ടിച്ചു.
കെ.എസ്.ആര്‍.ടി.സിയിലെ വിവിധ യൂനിയനുകളില്‍പ്പെട്ട ജീവനക്കാര്‍ പണിമുടക്കിയതോടെ ജില്ലയില്‍ ഇന്നലെ സര്‍വിസുകള്‍ പാടെ മുടങ്ങി. ദീര്‍ഘദൂര ബസുകള്‍ മുഴുവന്‍ നേരത്തെ റദ്ദാക്കിയിരുന്നു. പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും തിരിച്ചുമുള്ള രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളജ് പൊലിസ് വാഹന സൗകര്യമേര്‍പ്പെടുത്തി. സ്വകാര്യ-സഹകരണ മേഖലയില്‍പ്പെട്ട പല ഓഫിസുകളും അടഞ്ഞുകിടന്നപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില വിരലിലെണ്ണാവുന്നതായിരുന്നു. അതേസമയം എന്‍.ഐ.ടി, ഐ.ഐ.എം.കെ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സംയുക്ത യൂനിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നെങ്കിലും ജില്ലയില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞത് അങ്ങിങ്ങ് സംഘര്‍ഷങ്ങള്‍ക്കിടയാക്കി. സമരക്കാര്‍ ഏതാനും സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. പൊലിസെത്തിയതോടെയാണ് ഇവിടങ്ങളില്‍ നിന്ന് സമരാനുകൂലികള്‍ പിരിഞ്ഞുപോയത്.
പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയില്‍ പലയിടങ്ങളിലും പ്രകടനം നടത്തി. കോഴിക്കോട്ട് പ്രകടനവും തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപവാസവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി. ദാസന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്‍ അധ്യക്ഷനായി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ഐ.എന്‍.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം.പി പത്മനാഭന്‍, എ.ഐ.ടി.യു.സി ജില്ലാ ജോ. സെക്രട്ടറി പി.കെ നാസര്‍, പി.എം.എ നാസര്‍, സി.പി സുലൈമാന്‍, വി. പ്രേംകുമാര്‍, അഡ്വ. സജിത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."