സി.ടി സ്‌കാന്‍ സ്ഥാപിച്ചില്ല; മെഡിക്കല്‍ കോളജില്‍ രോഗികള്‍ ദുരിതത്തില്‍
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രി വികസന സമിതി അഞ്ചുകോടി രൂപ മുടക്കി എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയ സി.ടി സ്‌കാന്‍ യന്ത്രം ഇനിയും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തിലാണ് 65 സ്ലൈഡ് ഡിജിറ്റല്‍ സ്‌കാനിങ് യന്ത്രത്തിനു പദ്ധതി സമര്‍പിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അവസാന കാലഘട്ടമായിട്ടും ഭരണാനുമതി ലഭിക്കാത്തിനെത്തുടര്‍ന്ന് യു.ഡി.എഫിലെ ജനതാദള്‍ നേതാവു കൂടിയായ ആശുപത്രി വികസന സമിതി അംഗം സലീം മടവൂര്‍ കേരള ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. രണ്ടുവര്‍ഷം മുന്‍പ് സ്ഥാപിച്ച സ്‌കാനിങ് യന്ത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
2000 ജൂലൈ മാസത്തില്‍ അന്നത്തെ ഗതാഗത ദേവസ്വം മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനമാരംഭിച്ച സ്‌കാനിങ് യന്ത്രം കേടുവന്നു കിടക്കുകയാണ്. ബംഗളൂരുവിലെ കമ്പനിയാണ് ഇതിന്റെ സര്‍വീസ് നടത്തിക്കൊണ്ടുവന്നിരുന്നത്. കേടുപാടു തീര്‍ക്കണമെങ്കില്‍ ഇരുപതുലക്ഷത്തോളം രൂപ വേണ്ടിവുരമെന്നും നന്നാക്കിയാല്‍ തന്നെ എത്രത്തോളം ഗ്യാരണ്ടി ലഭിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ബംഗളൂരുവിലെ നിര്‍മാതാക്കള്‍ പറഞ്ഞതായി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ദിവസവും നൂറ്റന്‍പതിലേറെ ആളുകള്‍ക്ക് ഇവിടെനിന്നും സ്‌കാനിങ് എടുക്കാറുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
2000 ജൂലൈയില്‍ വെച്ച സ്‌കാനിങ് യന്ത്രം അന്നത്തെ ആശുപത്രി വികസന സമിതി ബാങ്കില്‍നിന്നും ലോണ്‍ എടുത്തായിരുന്നു സ്ഥാപിച്ചത്. ഇപ്പോള്‍ അഞ്ചുകോടി മുടക്കി വിദേശ നിര്‍മിതമായ സ്‌കാനിങ് യന്ത്രവും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനാണ് ആശുപത്രി വികസന സമിതി ഉദ്ദേശിക്കുന്നത്. മൂവായിരത്തോളം അഡ്മിഷന് ചെയ്യപ്പെടുന്ന രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മലബാറിന്റെ വിവിധ ജില്ലകളില്‍നിന്നായി എത്തിച്ചേരുന്നുണ്ട്. ആയിരം മുതല്‍ നാലായിരം വരെ ശരാശരി ഔട്ട് പേഷ്യന്റ് രോഗികളും എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."