ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് യു.എസ് കോടതി
വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് യു.എസ് കോടതി വീണ്ടും തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിറക്കിയത്. നിയമവിരുദ്ധമായി താമസിക്കുന്ന മാതാപിതാക്കള്‍ക്ക് യു.എസില്‍ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് ഫെഡറല്‍ ജഡ്ജി രണ്ടാമത്തെ തവണയാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
യു.എസില്‍ ജനിച്ചവരോ പൗരത്വം നേടിയവരോ ആയ എല്ലാ വ്യക്തികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന 14ാം ഭേദഗതിയെക്കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാഖ്യാനത്തെ രാജ്യത്തെ ഒരു കോടതിയും പിന്തുണച്ചിട്ടില്ലെന്ന് യു.എസ് ജില്ലാ ജഡ്ജി ഡെബോറ ബോര്‍ഡ്മാന്‍ നിരീക്ഷിച്ചു.
ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ പ്രഖ്യാപിച്ച നയം കടുത്ത എതിര്‍പ്പാണ് സൃഷ്ടിച്ചത്. എക്‌സിക്യൂട്ടീവ് നടപടി തടയാന്‍ 22 സംസ്ഥാനങ്ങളും നിരവധി സംഘടനകളും കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. കുടിയേറ്റ അവകാശ സംഘടനകളും ഒരുകൂട്ടം ഗര്‍ഭിണികളും ചേര്‍ന്നാണ് നിയമപോരാട്ടം നടത്തുന്നത്. പൗരന്മാരല്ലാത്തവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ യു.എസിന്റെ അധികാരപരിധിക്ക് വിധേയരല്ലെന്നും അതിനാല്‍ പൗരത്വത്തിന് അര്‍ഹതയില്ലെന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വാദമാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം.
എന്നാല്‍ 'ഇന്ന് യു.എസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോള്‍ തന്നെ യു.എസ് പൗരനാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും. ഈ കേസ് തീര്‍പ്പാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും' ഫെഡറല്‍ ജഡ്ജി ഡെബോറ ബോര്‍ഡ്മാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."