മെസിയേക്കാൾ മികച്ച താരം അദ്ദേഹമാണ്: ജർമൻ ലോകകപ്പ് ഹീറോ
ഇതിഹാസതാരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നുള്ളത് ഫുട്ബോൾ ലോകത്ത് സജീവമായി നിലനിക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഗോട്ട് ഡിബേറ്റിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് 2014ലെ ജർമനിയുടെ ലോകകപ്പ് ജേതാവായ സമി ഖദീര. ഏറ്റവും മികച്ച താരമായി മെസിയെ മറികടന്നുകൊണ്ട് റൊണാൾഡോയെയാണ് മുൻ ജർമൻ താരം തെരഞ്ഞെടുത്തത്. ടോക്ക് സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ അഭിപ്രായത്തിൽ മികച്ച താരം ക്രിസ്റ്റ്യാനോയാണ്. മെസിയോടുള്ള അനാദരവ് കൊണ്ടല്ല ഇക്കാര്യം ഞാൻ പറയുന്നത്. മെസി ഫുട്ബോളിൽ നേടിയ നേട്ടങ്ങളും ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും പ്രത്യേകിച്ച് യുഎസിൽ കളിക്കുന്നതെല്ലാം അത്ഭുതകരമാണ്. പക്ഷേ എനിക്ക് ക്രിസ്റ്റ്യാനോയെ അറിയാം. മാഡ്രിഡിലും യുവന്റസിലും ഏഴ് വർഷത്തോളം അദ്ദേഹത്തോടൊപ്പം ഞാൻ കളിച്ചു. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി നന്നായി അറിയാം. അതുകൊണ്ട് ഞാൻ 100 ശതമാനം റൊണാൾഡോക്കൊപ്പമാണ്. പക്ഷേ മെസിയോടുള്ള എല്ലാ ബഹുമാനവും ഞാൻ നിലനിർത്തിക്കൊണ്ടാണ് ഇത് പറയുന്നത്,' മുൻ ജർമൻ താരം പറഞ്ഞു.
2010 മുതൽ 2015 വരെയാണ് റൊണാൾഡോയും ഖദീരയും റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ചത്. 2013-14 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങളാണ് ഇരുവരും ചേർന്ന് റയലിനൊപ്പം നേടിയത്. പിന്നീട് 2018ൽ യുവന്റസിലും മുൻ ജർമൻ താരം റൊണാൾഡോയുമായി ഒരുമിച്ച് പ്രവർത്തിച്ചു. ഇറ്റാലിയൻ ക്ലബിനൊപ്പം ഇരുവരും മൂന്ന് സീസണുകളിലാണ് ഒരുമിച്ച് കളിച്ചത്.
2009 മുതൽ 2018 വരെയാണ് റൊണാൾഡോ റയലിനൊപ്പം കളിച്ചത്. ഈ കാലയളവിൽ റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോ മാറുകയായിരുന്നു. റയലിനായി 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകളും 131 അസിസ്റ്റുകളും ആണ് റൊണാൾഡോ നേടിയത്. 2018ൽ 100 മില്യൺ യൂറോക്ക് റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. 2021ൽ റൊണാൾഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."