തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്‌രിവാൾ; അടിയന്തര യോഗം
ചണ്ഡീഗഢ്: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പഞ്ചാബിലെ എം.എൽ.എമാരെ കാണാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അതിനായി ഇന്ന് അടിയന്തിര യോഗം ചേരുമെന്നാണ് റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കപൂർതല ഹൗസിൽ നടക്കുന്ന യോഗത്തിൽ നടക്കുന്ന യോഗത്തിൽ പഞ്ചാബ് എ.എ.പിയിലെ 91 എം.എൽ.എമാരും പങ്കെടുക്കും.
ഇവരെ കൂടാതെ യോഗത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയുമുണ്ടാകുമെന്നാണ് സൂചന.
പഞ്ചാബിലെ 30 എ.എ.പി എം.എൽ.എമാർ രാജിഭീഷണി മുഴക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് കെജ്‌രിവാളിന്റെ ഈ നീക്കം. പാർട്ടിയുടെ പഞ്ചാബ് ഘടകത്തിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആം ആദ്മിയുടെ പഞ്ചാബ് ഘടകത്തിലെ ചില അംഗങ്ങൾ നേതൃത്വത്തിൽ അതൃപ്തരാണെന്നായിരുന്നു റിപ്പോർട്ടിലെ സൂചന.
പഞ്ചാബിലെ 30 എ.എ.പി എം.എൽ.എമാർ തങ്ങളുടെ വരുതിയിലാണെന്നു പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‌വ അവകാശവാദം ഉയർത്തിയിരുന്നു. ഡൽഹി നഷ്ടപ്പെട്ടതിനാൽ കെജ്‌രിവാളിന്റെ അടുത്ത ലക്ഷ്യം പഞ്ചാബ് ആണെന്ന് ബി.ജെ.പി നേതാവ് സുഭാഷ് ശർമ പറഞ്ഞിരുന്നു. കെജ്‌രിവാൾ പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കുമെന്നും, വിജയിച്ചാൽ ഭഗവന്ത് മാൻ മുഖ്യമന്ത്രി സ്ഥാനം കെജ്‌രിവാളിന് ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്നും സുഭാഷ് ശർമ്മ ആരോപിച്ചു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആപ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, പഞ്ചാബിൽ നടക്കുന്നത് സാധാരണ മീറ്റിങ് ആണെന്നന്നാണ് എ.എ.പി നേതാക്കൾ പറയുന്നത്. സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് ഇവർ അവകാശപ്പെടുന്നു. കെജ്‌രിവാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്നും ആപ് വൃത്തങ്ങൾ അറിയിക്കുന്നു.
നിലവിൽ പഞ്ചാബ് മാത്രമാണ് ആം ആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനം. ഡൽഹി തെരഞ്ഞെടുപ്പിലേര്‌റ കനത്ത പരാജം മുൻനിർത്തി 2027ലെ നിയമ സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പഞ്ചാബിൽ പാർട്ടി ഇപ്പോഴേ ഒരുങ്ങേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."