തോൽവിയിലും ഇടിമിന്നലായി മുംബൈ ക്യാപ്റ്റൻ; സ്വന്തമാക്കിയത് ടി-20യിലെ വമ്പൻ നേട്ടം
വഡോദര: 2025 വിമൻസ് പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആവേശകരമായ വിജയമാണ് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ രണ്ട് വിക്കറ്റുകൾക്കാണ് ഡൽഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 19.1 ഓവറിൽ 164 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ക്യാപ്പിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകർപ്പൻ നേട്ടമാണ് മുംബൈ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ സ്വന്തമാക്കിയത്. ടി-20യിൽ 8000 റൺസ് എന്ന നാഴികല്ലിലേക്കാണ് ഹർമൻ പ്രീത് നടന്നുകയറിയത്. വിമൺസ് ടി-20യിൽ 8000 റൺസ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ഹർമൻ പ്രീത്. ഇതിനുമുമ്പ് കുട്ടി ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം സ്മൃതി മന്ദാനയാണ്.
മത്സരത്തിൽ 22 പന്തിൽ 42 റൺസാണ് ഹർമൻ പ്രീത് അടിച്ചെടുത്തത്. 190.91 പ്രഹര ശേഷിയിൽ നാല് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും ആണ് മുംബൈ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. ഹർമന് പുറമെ നാറ്റ് സ്കൈവർ ബ്രണ്ട് 59 പന്തിൽ 80 റൺസും നേടി മികച്ച പ്രകടനം നടത്തി. 13ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഡൽഹിക്ക് വേണ്ടി ഷഫാലി വർമ്മ 18 പന്തിൽ 43 റൺസും നിക്കി പ്രസാദ് 33 പന്തിൽ 55 റൺസും നേടി തകർപ്പൻ പ്രകടനം നടത്തിയപ്പോൾ ഡൽഹി ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു. ഡൽഹി ബൗളിങ്ങിൽ അന്നാബെൽ സതർലാൻഡ് മൂന്ന് വിക്കറ്റും ശിഖ പാണ്ഡെ രണ്ട് വിക്കറ്റും ആലീസി ക്യാപ്സി, മിന്നുമണി എന്നിവർ ഓരോ വിക്കറ്റും നേടി മുംബൈ ബാറ്റിങ് നിറയെ തകർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."