ഹേമജാ വധം: പ്രതിയെ കണ്ടെത്താനാവാതെ ഏഴുവര്‍ഷം
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയിലെ ആളുകള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ദിവസമാണ് 2009 സെപ്റ്റംബര്‍ അഞ്ച്. അന്നാണ് സിറ്റിക്കാരുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന എ.വി ഹേമജ(45) വീടിനുസമീപം കഴുത്തറത്തു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഡിങ്കന്‍ ശശി എന്ന ശശീന്ദ്രനാണ് കൊലനടത്തി രക്ഷപ്പെട്ടത്. സംഭവം നടന്ന് ഏഴുവര്‍ഷം പിന്നിടുമ്പോഴും പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്.
കണ്ണൂര്‍ സിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ഹേമജ കണ്ണൂര്‍ നഗരസഭാ ഓഫിസില്‍ റവന്യു ഇന്‍സ്‌പെക്ടറായി വിരമിച്ച ഉരുവച്ചാല്‍ ചന്ദ്രപുരത്തില്‍ അമ്പാടി ചന്ദ്രശേഖരന്റെയും ഇന്ദിരയുടെയും മകളാണ്. വീട്ടില്‍ നിന്ന് ഏതാണ്ട് 150 മീറ്റര്‍ ദൂരെ ഹേമജയുടെ സഹോദരി ശ്രീജയുടെ വീട്ടിലേക്കുള്ള വഴിയരികിലായിരുന്നു ഹേമജയെ വാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഡിങ്കന്‍ ശശിയുടെ കൂട്ടുപ്രതിയായ ആലക്കോട് വെള്ളാട് സ്വദേശി ടി.എന്‍ ശശിയെ പിടികൂടാന്‍ മാത്രമേ അന്വേഷണസംഘത്തിനു കഴിഞ്ഞുള്ളൂ. ശശിയില്‍ നിന്നാണ് കൃത്യം നിര്‍വഹിച്ചത് ഹേമജയുടെ ഭര്‍ത്താവാണെന്നു വിവരം ലഭിച്ചത്. കൊലപാതകത്തിനുശേഷം ശശീന്ദ്രന്‍ എവിടേക്ക് പോയെന്ന് പൊലിസിനു ഇതുവരെ കണ്ടത്താനായിട്ടില്ല. രാത്രി ഒരുമണി വരെ ഹേമജയും ഭര്‍ത്താവും ഉരുവച്ചാലിലെ വീട്ടിലുണ്ടായിരുന്നു. രാവിലെയാണ് വീട്ടുകാര്‍ ഇവര്‍ വീട്ടിലില്ലായെന്നറിഞ്ഞത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെടാത്തതിനാല്‍ കവര്‍ച്ചാശ്രമമല്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലിസെത്തി. ഹേമജയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ ശശീന്ദ്രനെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്നതായും ഇത് തിരിച്ചുനല്‍കാന്‍ ഹേമജ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായിരുന്നതായും പൊലിസിന് വിവരം ലഭിച്ചിരുന്നു.
കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ചാണ് ശശീന്ദ്രന്‍ കൊല നടത്തിയതെന്ന് കൂട്ടുപ്രതിയായ ശശി പൊലിസിന് മൊഴിനല്‍കിയിരുന്നു. അന്വേഷണം വഴിമുട്ടുന്നതില്‍ പ്രതിഷേധിച്ച് തങ്ങളുടെ പ്രിയപ്പെട്ട ടീച്ചര്‍ക്കു വേണ്ടി ശിഷ്യരും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഒരുപാട് സമരങ്ങളും നടത്തി. മൂന്നു മാസത്തിനുള്ളില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്നാണ് അന്ന് പൊലിസ് പറഞ്ഞത്. കേസന്വേഷണം സി.ബി.ഐക്കോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കോടതിയെ സമീപിച്ചിരുന്നു. പ്രതിയാരെന്ന് കണ്ടെത്തിയതിനാല്‍ ഇത്തരമൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് കോടതി പറഞ്ഞത്. എന്നാലിന്ന് ആക്ഷന്‍ കമ്മിറ്റിയും നിര്‍ജീവമായിരിക്കുകയാണ്. ഇതിനാല്‍ ഹേമജ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ അധ്യാപക ദിനത്തില്‍ ഒത്തുചേര്‍ന്ന് പുതിയ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."