കാനദൃഷ്ടിയില്‍ വൃഷ്ടിദോഷം മാനഹാനിയില്‍ മാണിജീവിതം
പാലാ മാണിസാര്‍ എന്ന സടകൊഴിഞ്ഞ സിംഹം ഒരിക്കല്‍ക്കൂടി കുടുക്കിലായി. 'അമ്മച്ചിയാണേ ഞാന്‍ നിരപരാധിയാണെ'ന്നു നെഞ്ചത്തടിച്ചു പൊട്ടിക്കരഞ്ഞിട്ടും വിടുന്ന മട്ടില്ല. കരച്ചിലിനു പിന്നിലെ നോവും നൊമ്പരവും കാണാന്‍ ആളില്ലെന്നതാണു വാസ്തവം. കൂടെ നടന്നവരും ഒരുമിച്ചുണ്ടവരും പാലായ്ക്കു പാരയാണിപ്പോള്‍. പാവം പിറുപിറുക്കുന്നതു കണ്ടില്ലേ.
എന്തൊക്കെയാണു ജേക്കബിന്റെ വിജിലന്‍സ് കാട്ടിക്കൂട്ടുന്നത്. യു.ഡി.എഫിന്റെ കാലത്തും വിജിലന്‍സുണ്ടായിരുന്നു. ഓരോ സര്‍ക്കാരിന്റെ കാലത്തും അവര്‍ക്കൊത്തു തുള്ളുന്നതാണു വിജിലന്‍സിന്റെ പ്രധാനപണി. സര്‍ക്കാരിനു സുഗമമായി ഭരിക്കണമെങ്കില്‍ വിജിലന്‍സ് വേണമെന്നതാണു സ്ഥിതി. അരിവില കൂടിയാലും പട്ടിശല്യം കൂടിയാലും ശ്രദ്ധതിരിച്ചുവിടാന്‍ എപ്പോഴും അടുത്തുള്ളതു വിജിലന്‍സാണ്.
അഞ്ചുവര്‍ഷത്തേയ്ക്കുള്ള ഇരകളെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വിജിലന്‍സിനു സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടാണു പുതിയ സര്‍ക്കാരിനു വിജിലന്‍സ് മുത്താവുന്നത്. ഒരു വിധപ്പെട്ട ലുട്ടാപ്പിമാരെയും കുട്ടൂസന്മാരെയും പൊക്കാനാണു പരിപാടി. ആരൊക്കെ അകത്തുപോകുമെന്നു കണക്കുകൂട്ടുന്നവര്‍ക്കു തീര്‍ച്ചയായും നിരാശയാവും ഫലം. അങ്ങനെയൊന്നു സംഭവിക്കില്ല.
അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തില്‍ എല്ലാം ഒത്തുതീര്‍പ്പിലൊതുങ്ങും. ഒരു അച്ചുമാമന്‍ കേസില്‍ പഴയ മുന്നോക്കപ്പിള്ളയദ്ദേഹം കുറച്ചുദിവസം ജയിലില്‍ കിടന്നതുമാത്രമാണ് ഇതിന് അപവാദം. ബാറുകാരുടെയും കുടിയന്മാരുടെയും ശാപമല്ലാതെന്തു പറയാന്‍. ഇപ്പോള്‍ പാലാ മാണിക്കു മാത്രമാണു മുഖ്യ കാലക്കേട്. വയസാന്‍കാലത്തു മുഖ്യമന്ത്രിയായി മരിക്കണമെന്നു തോന്നിയതാണ് എല്ലാത്തിനും കാരണം.
അതും ഇടതന്മാരുടെ കെണി. ആ കെണിയില്‍ വീഴുന്നതു തടയാനാണു കോണ്‍ഗ്രസിലെ ചില കരിങ്കാലികള്‍ ബാര്‍ക്കോഴ പുറത്തിട്ടത്. ഇപ്പോള്‍, കേരളരാഷ്ട്രീയ നഭോമണ്ഡലത്തില്‍ വൃഷ്ടിദോഷം സംഭവിച്ച മാണിച്ചായനെക്കുറിച്ചു വിലപിക്കാന്‍ മാണിഭക്തരായ കേരള കോണ്‍ഗ്രസുകാര്‍ മാത്രമാണുള്ളത്.
ഒപ്പം ലയിച്ചുചേര്‍ന്നവരെ വിശ്വസിക്കാന്‍ കൊള്ളില്ല. ശാരീരികമായി ഇടതുവശം വീക്കാണെങ്കിലും മാനസികമായി ഇടതുപക്ഷത്തോടു വിരോധമില്ലാത്തവരാണവര്‍. എപ്പോള്‍ മറുകണ്ടം ചാടുമെന്നറിയില്ല.
ഏതായാലും ഓര്‍ക്കാപ്പുറത്ത് ഒരു കാരണവുമില്ലാതെ യു.ഡി.എഫില്‍നിന്നു മാണിച്ചായന്‍ ചാടിയതെന്തിനെന്ന സംശയം ബാക്കിയുണ്ട്. ബാര്‍ക്കോഴ അന്വേഷണത്തില്‍ വിജിലന്‍സ് തലതൊട്ടപ്പനായിരുന്ന ശങ്കരറെഡ്ഡിയേമാന്‍ ഇടപെട്ടെന്നും റിപ്പോര്‍ട്ട് തിരുത്തിയെന്നും കാട്ടി എസ്.പി സുകേശനേമാന്‍ സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണു തന്നെ കുറ്റവിമുക്തനാക്കിയെന്ന പാലാ മാണിച്ചായന്റെ പൊട്ടാസ് പൊട്ടിച്ചിതറിയത്.
കഴിഞ്ഞ ഉമ്മച്ചന്‍ സര്‍ക്കാറിന്റെ നെഞ്ചിന്‍കൂടും ഒപ്പം തകര്‍ന്നു; അന്‍പതുവര്‍ഷം പഴക്കമുള്ള മാണിച്ചായന്റെ രാഷ്ട്രീയജീവിതവും. മാണിയുമായി ബാന്ധവം കൂടാമെന്ന ആഗ്രഹവുമായി നടന്ന സി.പി.എമ്മുകാര്‍ സി.പി.ഐയുടെ വിരട്ടലില്‍ തല്‍ക്കാലം കാല്‍വലിച്ചെങ്കിലും മാണിച്ചനെ ജേക്കബിനെക്കൊണ്ടു വിശുദ്ധനാക്കിയെടുത്താല്‍ പണി പറ്റിക്കാമെന്ന വിശ്വാസത്തിലാണ്. മലപ്പുറം മുതല്‍ തൃശൂര്‍വരെ കാണാന്‍ കഴിയാത്ത അപൂര്‍വജീവിയായ സി.പി.ഐയുടെ കലിപ്പ് അതോടെ തീരും.
മാണിച്ചനോടു യാതൊരുവിധ വിട്ടുവീഴ്ചയും വേണ്ടെന്നാണ് ആളില്ലാപാര്‍ട്ടിയെന്ന് ആക്ഷേപമുള്ള സി.പി.ഐയുടെ നിലപാട്. പ്രശ്‌നാധിഷ്ഠിത പിന്തുണ തേടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണത്രെ സംസ്ഥാനകാരണവര്‍ കാനം പറയുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഫലമാണ് ഈ സര്‍ക്കാരെന്നും അങ്ങനെയുള്ള ഒരു മുന്നണിക്കു മാണിയെ കൂടെക്കൂട്ടാന്‍ എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍, സി.പി.ഐക്കു വിറളി പിടിച്ചെന്നും ഇടതുമുന്നണിയിലേയ്ക്കു പോകില്ലെന്നും മാണി മൂളി തലയുയര്‍ത്തിയപ്പോഴാണു ബാറില്‍ കുരുങ്ങിയ വിവരമറിയുന്നത്. ജേക്കബിനു വകതിരിവില്ലെന്നു മാണിച്ചന്‍ ഓതുകയും ചെയ്തു.
ഇടതുമുന്നണിയുടെ ജനകീയാടിത്തറ കരിങ്കല്ലിട്ടു ശക്തമാക്കാന്‍ കേരള കോണ്‍ഗ്രസ് എം, ജെ.ഡി.യു, ആര്‍.എസ്.പി എന്നീ വിവിധോദ്ദേശപ്പാര്‍ട്ടികളെ മടക്കിക്കൊണ്ടുവരാനാണത്രേ സി.പി.എം അണ്‍വിസിബിള്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സഖാക്കളുടെ നീക്കം. ഇതേനിലപാടുതന്നെയാവും മുസ്‌ലിം ലീഗിന്റെ കാര്യത്തിലും. അവിടെയാണു സി.പി.ഐ അപകടം മണക്കുന്നത്. നിലനില്‍പ്പ് അപകടത്തിലായാല്‍ പിന്നെന്തു ചെയ്യും. കേരള കോണ്‍ഗ്രസോ ലീഗോ വന്നാല്‍ സംഗതി കുഴഞ്ഞതുതന്നെ.
വലിയേട്ടന്‍ പാര്‍ട്ടിയെ കണ്ണടച്ചു വിശ്വസിക്കാന്‍ കഴിയില്ല. ഇക്കൂട്ടരൊക്കെ വന്നുകഴിഞ്ഞാല്‍ തങ്ങളെ അവഗണിക്കാനുള്ള സാധ്യതയാണു കാനദൃഷ്ടിയില്‍ തെളിഞ്ഞത്. സുരാജന്മാരുടെ പിറുപിറുപ്പുകള്‍ ഇതിന്റെ അപകടസൂചനയാണ്.
വാലറ്റം: പി.എസ്.സി പരിക്ഷയ്ക്കു വരാവുന്ന ചോദ്യം: 'പതിനാലു സെക്കന്റ് നേരം പെണ്ണുങ്ങളെ നോക്കിയാല്‍ ശിക്ഷിക്കുമെന്നു വിധിച്ച മഹാനാര്.. '
ഉത്തരം: ഋഷിരാജ സിംഹന്‍ പതിനാലാമന്‍.
(മാര്‍ക്ക് കൊട്ടക്കണക്കിനു കിട്ടും).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."