സഞ്ജീവ് ഭട്ടിനും കുടുംബത്തിനും വേണ്ടി ഈ റമദാനിൽ പ്രാർഥിക്കണമെന്നും ശബ്ദമുയർത്തണമെന്നും സത്താർ പന്തല്ലൂർ
കോഴിക്കോട്: ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് കലാപ അന്വേഷണ ഉദ്യോഗസ്ഥനുമായ സഞ്ജീവ് ഭട്ടിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് സമസ്ത നേതാവ് സത്താർ പന്തല്ലൂർ. മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞതാണ് ഈ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ്. അതിന് അദ്ദേഹം വലിയ വില നൽകുകയാണ്. നീതിമാനായ ഒരു മനുഷ്യൻ നിരന്തരം തടവറയിലായിപ്പോകുമ്പോൾ നമുക്ക് പ്രാർഥിക്കാനുള്ള ബാധ്യതയെങ്കിലും നിർവഹിക്കാനാകണമെന്ന് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
സഞ്ജീവ് ഭട്ടിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും വേണ്ടി ഈ റമദാൻ മാസത്തിൽ പ്രാർഥിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് അഭ്യർഥിച്ചു. അദ്ദേഹത്തിന് വേണ്ടി ശബ്ദമുയർത്തണമെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കേസിൽ അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ സഞ്ജീവ് ഭട്ടിന് ഗുജറാത്ത് കോടതി 20 വർഷം തടവ് വിധിച്ചത്. ഗുജറാത്തിലെ ബനസ്‌കന്ദയിലെ പ്രത്യേക എൻ.ഡി.പി.എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1990ലെ കസ്റ്റഡി മരണക്കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പുതിയ കേസിൽ കൂടി അദ്ദേഹത്തെ ശിക്ഷിച്ചത്.
സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
''മനുഷ്യരെ കൂട്ടത്തോടെ വെട്ടിക്കീറിയും കത്തിച്ചും കൊന്ന ഗുൽബർഗ സൊസൈറ്റിയിൽ നിന്ന് തിരിച്ചു നടക്കുമ്പോൾ എൻ്റെ ബൂട്ടിനടിയിൽ വെന്തമാംസവും ചോരയും ഒട്ടിച്ചേർന്ന് കട്ടപിടിച്ചു നിൽപ്പുണ്ടായിരുന്നു .. "
ഭരണകൂടത്തിൻ്റെ നിഗൂഢ പദ്ധതികൾക്ക് ഒടുവിൽ സഞ്ജീവ് ഭട്ട് വീണ്ടുമൊരു കേസിൽ കൂടി ശിക്ഷിക്കപ്പെട്ടിരിക്കുന്നു. 28 വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കിയാണ് വീണ്ടും 20 വർഷം ഈ മനുഷ്യന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റൊരു കേസിൽ ജീവപര്യന്തം അനുഭവിക്കുമ്പോഴാണ് ഇപ്പോഴത്തെ വിധി.
ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വിളിച്ചു പറഞ്ഞതാണ് ഈ ഐ പി എസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ്. അതിന് അദ്ദേഹം വലിയ വില നൽകുകയാണ്. നീതിമാനായ ഒരു മനുഷ്യൻ നിരന്തരം തടവറയിലായിപ്പോകുമ്പോൾ നമുക്ക് പ്രാർഥിക്കാനുള്ള ബാധ്യതയെങ്കിലും നിർവഹിക്കാനാകണം. സഞ്ജീവ് ഭട്ടിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും വേണ്ടി ഈ പുണ്യമാസത്തിൽ നമുക്ക് പ്രാർഥിക്കാം. ശബ്ദമുയർത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."