"യുക്രെയ്‌ൻ സഹായത്തേക്കാൾ റഷ്യൻ എണ്ണയ്ക്കാണ് കൂടൂൽ പണം ചെലവഴിക്കുന്നത്"; യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ വിമർശിച്ച് ട്രംപ്
വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. യുക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിന് ചെലവാക്കുന്നതിലും കൂടുതൽ തുക റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ ചെലവഴിക്കുന്നുവെന്ന ആരോപണമാണ് ട്രംപ് ഉന്നയിച്ചത്.
യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ, 'യുക്രെയ്‌നിനെ സഹായിക്കാൻ ചെലവഴിച്ചതിനേക്കാൾ കൂടുതൽ പണം യൂറോപ്പ് റഷ്യയിൽ നിന്നുള്ള എണ്ണക്കും വാതകത്തിനും നൽകുന്നു' എന്നായിരുന്നു ട്രംപിന്റെ വിമർശനം. യുക്രെയ്‌നിനുള്ള യുഎസ് സാമ്പത്തിക സഹായത്തെയും യൂറോപ്യൻ യൂണിയൻ നൽകിയ സഹായത്തെയും താരതമ്യം ചെയ്തായിരുന്നു ട്രംപിന്റെ പ്രസ്താവന. 'സുരക്ഷയില്ലാതെ, ഒരു മാർഗവുമില്ലാതെ, യുഎസ് നൂറുകണക്കിന് ബില്യൺ ഡോളർ യുക്രെയ്ൻ പ്രതിരോധത്തിനായി നൽകി. ഈ ധനസഹായം അടുത്ത അഞ്ച് വർഷം കൂടി തുടരണമോ?' എന്ന ചോദ്യവും ട്രംപ് അംഗങ്ങളോട് ഉന്നയിച്ചു.
യുദ്ധത്തിൽ ആഴ്ചതോറും 2,000-ലധികം ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്നും, അവരിൽ റഷ്യൻ യുവാക്കളും യുക്രെയ്‌നിയൻ യുവാക്കളുമാണെന്നും, എന്നാൽ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യൂറോപ്പിന്റെ ഇരട്ടത്താപ്പ്?
യുക്രെയ്‌നിനെ സഹായിക്കാൻ അമേരിക്ക 350 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെങ്കിൽ, യൂറോപ്പിന്റെ സംഭാവന 100 ബില്യൺ ഡോളർ മാത്രമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. യൂറോപ്പിന്റെ റഷ്യൻ എണ്ണ വാങ്ങൽ നയത്തെ ട്രംപ് ചോദ്യം ചെയ്യുന്ന ആദ്യ നേതാവ് മാത്രമല്ല.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുമ്പ് ഇതേ വിഷയത്തിൽ സമാന രീതിയിലുള്ള വിമർശനം ഉന്നയിച്ചിരുന്നു. 'ഇന്ത്യയേക്കാൾ ആറിരട്ടി അധികം റഷ്യയിൽ നിന്നുള്ള എണ്ണ യൂറോപ്പ് ഇറക്കുമതി ചെയ്യുന്നു. അതേസമയം, ഇന്ത്യയെ ഇത് ഒഴിവാക്കാൻ ഉപദേശിക്കുന്നത് അസ്വീകാര്യമാണ്' എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
യൂറോപ്പ് സ്വന്തമായി ഊർജ്ജ ആവശ്യം പരിഹരിക്കാൻ ശ്രമിക്കാതെ, ഇന്ത്യയെ പലവിധ നിബന്ധനങ്ങൾക്ക് വിധേയമാക്കുന്നുവെന്നും, 'ഇന്ത്യയ്ക്ക് സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്നും' ജയശങ്കർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."