വിമാനയാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം; പുതിയ നിബന്ധനകൾ വരുത്തി സിംഗപ്പൂർ എയർലൈൻസ്
സിംഗപ്പൂർ: വിമാനയാത്രക്കിടെ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സിംഗപ്പൂർ എയർലൈൻസ്. ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്ന പുതിയ നിബന്ധനകൾ പ്രകാരം, സ്മാർട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും വിമാനത്തിനുള്ളിൽ ചാർജ് ചെയ്യുന്നതിനും യുഎസ്‍ബി പോർട്ടുകൾ ഉപയോഗിച്ച് പവർ ബാങ്കുകൾ റീചാർജ് ചെയ്യുന്നതിനും വിലക്ക് ബാധകമായിരിക്കും.
ഹാൻഡ് ബാഗേജിൽ പവർ ബാങ്ക് കൊണ്ടുപോകാൻ വിലക്കില്ലെങ്കിലും, വിമാനത്തിനുള്ളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചെക്ക്-ഇൻ ലഗേജിൽ ഇത്തരം ചാർജിംഗ് ഉപകരണങ്ങൾ കൊണ്ടുപോകുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. സിംഗപ്പൂർ എയർലൈൻസിന്റെ സബ്സിഡിയറി കമ്പനിയായ സ്കൂട്ടും സമാനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
പവർ ബാങ്കുകളുടെ ശേഷി സംബന്ധിച്ച് നേരത്തേ നടപ്പിലാക്കിയ നിബന്ധനകളും തുടരുമെന്ന് കമ്പനി അറിയിച്ചു. 100Wh വരെ ശേഷിയുള്ള പവർ ബാങ്കുകൾ മുൻകൂർ അനുമതിയില്ലാതെ കൊണ്ടുപോകാം, എന്നാൽ 100Wh മുതൽ 160Wh വരെയുള്ളവയ്ക്കു വിമാന കമ്പനിയുടെ അനുമതി ആവശ്യമാകും.
ലിഥിയം-അയോൺ ബാറ്ററികളുടെ സുരക്ഷാ പ്രശ്നങ്ങൾ മുന്നിൽക്കണ്ടുള്ള ഈ നീക്കം മറ്റും ആദ്യമല്ല. ദക്ഷിണ കൊറിയൻ വിമാന കമ്പനിയായ ബുസാൻ എയർലൈൻസ്, ജനുവരി 28ന് തീപിടിത്തമുണ്ടായ സംഭവത്തെ തുടർന്ന് ഹാൻഡ് ബാഗേജിൽ പവർ ബാങ്കുകൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. തായ് എയർവേയ്സ്, എയർ ഏഷ്യ, ഇവ എയർ, ചൈന എയർലൈൻസ് എന്നിവയും സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."