ടെസ്‌ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്ലക്ക് തിരിച്ചടി
ഏറ്റവും പുതിയ അഡ്വാൻസ്ഡ് ടെക്നോളജികൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള കാറുകളാണ് ടെസ്ല. ഈ സവിശേഷതകൾ ഉള്ളതുകൊണ്ട് തന്നെ ടെസ്ല കാറുകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. എന്നാലിപ്പോൾ ചൈനയിൽ ടെസ്ല കാറുകളുടെ വിൽപ്പനയിൽ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ചൈനയിലെ ഷവോമി, ബിവൈഡി തുടങ്ങിയ വാഹന കമ്പനികളുടെ വണ്ടികളിലെ സാങ്കേതിക വിദ്യ, വാഹനത്തിന്റെ ക്ഷമത, രൂപകൽപ്പന എന്നിവയിൽ വന്ന മാറ്റങ്ങളാണ് ചൈനയിൽ ടെസ്ലക്ക് തിരിച്ചടി നേരിടാൻ കാരണമായത്. ഒരു ടെസ്ല കാറിന്റെ വിലയിൽ രണ്ട് ഇലക്ട്രിക്കൽ കാറുകളാണ് ചൈനയിൽ വാങ്ങാൻ സാധിക്കുക. ടെസ്ല കാറുകളുടെ വിൽപ്പന ചൈനയിൽ കുറവായതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ കുറയാനും കാരണമായി. ഡിസംബർ മാസത്തിൽ 479 ഡോളർ ഉണ്ടായിരുന്ന ടെസ്ലയുടെ ഓഹരികൾ 240 ഡോളറായി കുറയുകയായിരുന്നു.
പൊതുവെ വിലകുറഞ്ഞ ബിവൈഡി കാറുകൾക്ക് ഇന്ത്യയിലും ആരാധകരുണ്ട്. യുവ സംരഭകയായ ലക്ഷ്മി കമലാണ് കേരളത്തിൽ ആദ്യമായി ബിവൈഡിയുടെ ഇലക്ട്രിക്കൽ കാർ സ്വന്തമാക്കിയിരുന്നത്. ഇതിന് പുറമെ ഷവോമി കാറുകളും വിപണിയിൽ മികച്ച സ്വാധീനം ഉണ്ടാക്കുന്നുണ്ട്.
ചൈനയിൽ മാത്രമല്ല അറേബ്യൻ രാജ്യങ്ങളിലും ഈ വാഹനത്തിന് ഏറെ ആവശ്യക്കാരുണ്ട്. ബിവൈഡി ഇലക്ട്രിക്കൽ കാറുകൾ ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിൽ 4.81 ലക്ഷം വണ്ടികളാണ് വിപണിയിൽ ഇറക്കിയത്. എന്നാൽ ടെസ്ലക്ക് 60,480 വാഹനങ്ങൾ മാത്രമേ മാർക്കറ്റിൽ എത്തിക്കാൻ സാധിച്ചുള്ളൂ. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനത്തോളം കുറവാണ് ടെസ്ലയുടെ വാഹന വിൽപ്പനയിൽ സംഭവിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."