മഴയോട് മഴ, ചൂടോട് ചൂട്, ശൈത്യം അകലുന്നു; കേരളത്തിൽ അതിവേഗ കാലാവസ്ഥാ വ്യതിയാനം
മഴക്കാലത്തും ശൈത്യകാലത്തും അതിതീവ്രമഴ, വേനലിലും ശൈത്യത്തിലും ചുട്ട് പൊള്ളിക്കുന്ന ചൂട്, ശൈത്യകാലമായ ഫെബ്രുവരിയിൽ രാജ്യത്ത് ഉയർന്ന ചൂട് പലദിവസങ്ങളിൽ ചൂട് കാലത്ത് ആൾട്രാവയലറ്റിന്റെയും കാർബണിന്റെയും ബഹിർഗമനം കൂടിയെന്ന് കാലാവസ്ഥാ വകുപ്പ്, വേനൽ മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും കാറ്റും, ന്യൂനമർദവും ചുഴലിക്കാറ്റും പതിവ്. ഇതാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രത്‌നചുരുക്കം. ഈ വർഷം കാലവർഷത്തിലും തുലാവർഷത്തിലും ശൈത്യകാലത്തിലും വേനൽമഴയിലും ലഭിച്ചത് പതിവായി ലഭിക്കേണ്ട മഴയേക്കാൾ കൂടുതലാണ്.
അതേസമയം വേനൽക്കാലത്തും ശൈത്യകാലത്തും അനുഭവപ്പെട്ടത് ഉയർന്ന താപനില. ശൈത്യകാലമായ ഫെബ്രുവരിയിൽ രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെട്ടത് കണ്ണൂർ വിമാത്താവളത്തിലും പുനലൂരിലും (ശരാശരി 38-40 ഡിഗ്രി സെൽഷ്യസ്). ഈ വേനലിൽ അൾട്രാവയലറ്റ് സാന്നിധ്യം കൂടുതൽ ഉണ്ടായതും ഈ വർഷമാണ്.
ചുരുക്കത്തിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് അതിവേഗമാണെന്ന് വിദഗ്ധർ പറയുന്നു. തണുപ്പ് കാലത്ത് രാത്രിയിൽ മാത്രം തണുപ്പും പകൽ ഉയർന്ന താപനിലയും മറ്റൊരു കാലാവസ്ഥാ വ്യതിയാനം. തണുപ്പ് അകലുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ജലത്തിലും അന്തരീക്ഷ മലിനീകരണത്തിലും വരുന്ന വ്യതിയാനമാണ് മറ്റൊരു പ്രത്യേകതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ അഭിപ്രായം.
കുടിവെള്ളത്തിന്റെ ഗുണനിലവാര കുറവാണ് വരും നാളുകളിൽ നേരിടുന്ന മറ്റൊരു ഭീഷണി. കണ്ട് പരിചയിച്ചിട്ടില്ലാത്ത ആലിപ്പഴ മഴ പോലുള്ള പ്രതിഭാസങ്ങളും ഇടക്കിടെ ഉണ്ടാവുന്നു. ഇന്നലെ ഇടുക്കി പൈനാവിൽ ആലിപ്പഴ മഴ പെയ്തു. വേനൽ ചൂട് ലഭിക്കേണ്ട സമയത്ത് ഇന്നലെ കോട്ടയത്ത് ലഭിച്ചത് കനത്തമഴയാണ്. കോട്ടയത്ത് അര മണിക്കൂറിൽ 55 മില്ലിമീറ്റർ ലഭിച്ചപ്പോൾ കുമരകത്ത് കാറ്റ് മണിക്കൂറിൽ 47 കിലോമീറ്ററായിരുന്നു.
കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് പദ്ധതിയിലൂടെ 2023 - 2030 വർഷത്തേക്ക് കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനും പുതുക്കിയ കർമപദ്ധതിക്കായി സർക്കാർ പദ്ധതി തയാറാക്കിയിരുന്നു. ആ റിപ്പോർട്ടിൽ കാലാവസ്ഥാ വ്യതിയാനം നേരിടുന്ന ദുർബല മേഖലകളായി വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളെയും ഇടത്തരം ദുർബല മേഖലയായി തിരുവനന്തപുരം, കോട്ടയം ജില്ലകളെയും കുറഞ്ഞ ദുർബലമേഖലയായി തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളെയും തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളൊന്നും പ്രാബല്യത്തിലായില്ലെന്നതാണ് വസ്തുത. ഇന്നലെ മണ്ണാർക്കാട്, പാല, ഇരിട്ടി പൈനാവ് എന്നിവിടങ്ങളിൽ ആലിപ്പഴ മഴ പെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."