'ജുമുഅക്ക് വരുന്നവർ കയ്യിൽ കറുത്ത റിബൺ ധരിക്കുക' റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ആൾ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡല്‍ഹി: റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ആള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി) ഇന്നത്തെ ജുമുഅ നിസ്‌ക്കാരത്തില്‍ പങ്കെടുക്കുന്നവര്‍ കയ്യില്‍ കറുത്ത റിബണ്‍ ധരിച്ചെത്താനാണ് അഭ്യര്‍ഥന.
വലതുകയ്യില്‍ കറുത്ത് റിബണ്‍ ധരിച്ചെത്താനും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും എ.ഐ.എം.പി.എല്‍.ബി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫസലുറഹീം എക്‌സ് ഹാന്‍ഡില്‍ പങ്കുവെച്ച വീഡിയോയില്‍ അഭ്യര്‍ഥിച്ചു. എ.ഐ.എം.പി.എല്‍.ബിയുടെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്ക വെച്ചിട്ടുള്ളത്. ബില്ലിനെ ശക്തമായി എതിര്‍ക്കേണ്ടത് രാജ്യത്തെ ഓരോ മുസ്‌ലിമിന്റെയും ഉത്തരവാദിത്തമാണെന്ന് എക്സില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ എഐഎംപിഎല്‍ബി പറഞ്ഞു.
'വഖഫ് (ഭേദഗതി) ബില്ലിനെതിരെ എ.ഐ.എം.പി.എല്‍.ബിയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തില്‍, ജുമാ തുല്‍ വിദാ (റംസാനിലെ അവസാന വെള്ളിയാഴ്ച) ദിനത്തില്‍ നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുക' അദ്ദേഹം പറഞ്ഞു.
'ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും നിശബ്ദവും സമാധാനപരവുമായ പ്രകടനമായി ജുമുഅത്തുല്‍ വിദയില്‍ (റമദാനിലെ അവസാനത്തെ ജുമുഅ) പള്ളിയിലേക്ക് വരുമ്പോള്‍ കയ്യില്‍ കറുത്ത റിബണ്‍ ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് എല്ലാ മുസ്്‌ലിംകളോടും അഭ്യര്‍ത്ഥിക്കുന്നു,' സംഘടന കത്തില്‍ എഴുതി.
'അല്‍ഹംദുലില്ലാഹ്, ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും പട്‌നയിലെ ധര്‍ണ സ്ഥലിലും മുസ്‌ലിംകള്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ കുറഞ്ഞത് ബി.ജെ.പിയുടെ സഖ്യകക്ഷികളില്‍ ഒരു കോളിളക്കം സൃഷ്ടിക്കാനെങ്കിലും കാരണമായിട്ടുണ്ട്. 2025 മാര്‍ച്ച് 29 ന് വിജയവാഡയിലും ഒരു വലിയ പ്രതിഷേധം നടത്താന്‍ നാം തീരുമനിച്ചിരിക്കുകയാണ്' സംഘടന അറിയിക്കുന്നു. മുസ്‌ലിംകളുടെ പള്ളികള്‍, ഈദ്ഗാഹുകള്‍, മദ്രസകള്‍, ദര്‍ഗകള്‍, ഖാന്‍ഖാകള്‍, ശ്മശാനങ്ങള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവ നഷ്ടപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ഗൂഢാലോചനയാണ് വഖഫ് നിയമ ഭേദഗതിയെന്നും സംഘടന കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ അഖിലേന്ത്യാ പ്രക്ഷോഭം നടത്തുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (AIMPLB) ഞായറാഴ്ച നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി മാര്‍ച്ച് 26, 29 തീയതികളില്‍ പട്നയിലെയും വിജയവാഡയിലെയും സംസ്ഥാന നിയമസഭകള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
വഖഫ് ബില്ലിനെതിരെ ബുധനാഴ്ച ബിഹാറിനെ പിടിച്ചുകുലുക്കിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നിയമസഭ മുതല്‍ തെരുവുകള്‍ വരെ, എന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധം ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പട്നയില്‍ 'മഹാ ധര്‍ണ'യും സംഘടിപ്പിച്ചു. AIMPLB യോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ധര്‍ണയില്‍ ലാലു പ്രസാദിനെ പോലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്, എന്‍.സി.പി, എസ്.പി, ആര്‍.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിവിധ മുസ്‌ലിം, വിദ്യാര്‍ഥി സംഘടനകളും ഈ മാസം ആദ്യം നടന്ന ധര്‍ണ്ണയില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."