മികച്ച വിജയവുമായി പെരിഞ്ഞനം ജൈവ കാര്‍ഷിക വിപണന കേന്ദ്രം
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ആരംഭിച്ച പെരിഞ്ഞനം സെന്ററിലെ ജൈവ കാര്‍ഷിക വിപണന കേന്ദ്രം മികച്ച വിജയത്തോടെ ഒരു വര്‍ഷം പിന്നിടുന്നു. 2015 ലെ കര്‍ഷക ദിനത്തില്‍ നാട്ടിലെ കര്‍ഷകര്‍ മുന്‍കൈയെടുത്താണ് വിപണന കേന്ദ്രം ആരംഭിച്ചത്. പഞ്ചായത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷമില്ലാത്ത നാടന്‍ പച്ചക്കറികള്‍ വില്‍ക്കുന്ന ഇടം എന്ന നിലക്ക് നാട്ടുകാരില്‍ നിന്ന് നല്ല സഹകരണമാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. പൊതു മാര്‍ക്കറ്റിനെ അപേക്ഷിച്ച് പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും മിതമായ വില മാത്രമാണ് ഈടാക്കുന്നത്. കിലോ 60 രൂപക്ക് ലഭിക്കുന്ന ഇവിടുത്തെ നാടന്‍ ഏത്തപ്പഴം തേടി സമീപ പഞ്ചായത്തിലെ ആളുകള്‍ പോലും എത്തുന്നുണ്ട്. മുന്‍ എം.എല്‍.എ വഴി വിപണന കേന്ദ്രത്തിന് കൃഷി വകുപ്പ് അഞ്ച് ലക്ഷം രൂപ അനുവദിച്ചെങ്കിലും ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ഇക്കോ ഷോപ്പുകള്‍ക്ക് മാത്രമേ തുക നല്‍കൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം തിരിച്ചടിയായി. എങ്കിലും കര്‍ഷകര്‍ സംഘടിച്ച് ബാങ്ക് വായ്പ തരപ്പെടുത്തി വിപണന കേന്ദ്രം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഓണത്തോടെ വന്‍ വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന കൊമ്പിടിയിലെ കര്‍ഷക സംഘവുമായി സഹകരിച്ച് കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍പ്പനക്കെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."