ചന്തപ്പുരം- കോട്ടപ്പുറം ബൈപ്പാസ് സുരക്ഷിത യാത്രയൊരുക്കുവാന്‍ അടിപ്പാത നിര്‍മാണം
കൊടുങ്ങല്ലൂര്‍: ചന്തപ്പുരം- കോട്ടപ്പുറം ബൈപ്പാസില്‍ സുരക്ഷിത യാത്രയൊരുക്കുവാന്‍ അടിപ്പാത നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനുള്ള തീരുമാനം. ചന്തപ്പുരകോട്ടപ്പുറം ബൈപ്പാസ് റോഡില്‍ ഉദ്ഘാടന ദിവസം മുതല്‍ ആരംഭിച്ച അപകട മരണങ്ങള്‍ നിര്‍ബാധം തുടരുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ക്ക് ശാശ്വത പരിഹരം കാണുന്നതിന്റെ ഭാഗമായാണ് അടിപ്പാത നിര്‍മാണം എന്ന ആശയം ഉയര്‍ന്നുവരുന്നത്.
ചന്തപ്പുര മുതല്‍ കോട്ടപ്പുറം വരെയുള്ള മൂന്നരകിലോമീറ്ററോളം വരുന്ന ബൈപ്പാസിലെ മൂന്ന് പ്രധാന സിഗ്‌നല്‍ ജങ്ഷനുകളില്‍ അടിപ്പാത നിലവില്‍ വന്നാല്‍ അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാമെന്ന നിഗമനത്തിലാണ് അടിപ്പാത നിര്‍മ്മാണം എന്ന ആശയം ഉയര്‍ന്നുവരുന്നത്.
ബൈപ്പാസ് നിര്‍മാണ ഘട്ടത്തില്‍ തന്നെ നഗരവാസികളെ രണ്ട് ഭാഗങ്ങളായി വേര്‍തിരിക്കുന്ന ബൈപ്പാസില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. പ്രദേശവാസികള്‍ രൂപം കൊടുത്ത ആക്ഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ ഈ ആവശ്യം ഉന്നയിച്ച് നഗരത്തെ ഇളക്കി മറിച്ച നിരവധി സമരപരമ്പരകളാണ് ഉയര്‍ന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എലിവേറ്റഡ് ഹൈവേക്കായി അമ്പത് കോടി രൂപ ചിലവ് വരുന്ന പദ്ധതി തയ്യാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും, എലിവേറ്റഡ് ഹൈവേക്കായി ലക്ഷങ്ങള്‍ ചിലവിട്ട് പ്രദേശത്ത് മണ്ണ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും ഭാഗത്ത് കുറ്റകരമായ വീഴ്ചയും താല്‍പ്പര്യക്കുറവും മൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഇതിനിടയില്‍ ബൈപ്പാസിന്റെ ഇരുവശങ്ങളിലും സര്‍വ്വീസ് റോഡുകള്‍ കൂടി നിലവില്‍ വന്നതോടെ അപകടങ്ങള്‍ പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയായിരുന്നു.
ദിനംപ്രതിയെന്നോണമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സ്ഥലം എം.എല്‍.എയും നഗരസഭ ചെയര്‍മാനും ജില്ലാ കളക്ടറും ഒരുമിച്ചിരുന്ന് മൂന്ന് മണിക്കൂറുകളോളം ചര്‍ച്ച നടത്തിയാണ് അടിയന്തിര നടപടികള്‍ക്ക് രൂപം നല്‍കിയത്. അതോടൊപ്പം അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് അടിപ്പാത നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള പഠനം നടത്താന്‍ തീരുമാനിച്ചത്. സി.ഐ. ഓഫീസ് ജങ്ഷന്‍, പടാകുളം ജംങ്ഷന്‍, ഗൗരി ശങ്കര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലാണ് അടിപ്പാത ഉദ്ദേശിക്കുന്നത്.
ഇതുകൊണ്ട് മാത്രം ബൈപ്പാസിലെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ബൈപ്പാസ് ആരംഭിക്കുന്ന ചന്തപ്പുരയിലും, കോട്ടപ്പുറം ടോളിലും റൗണ്ട് എബൗട്ടണുകള്‍ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."