ഖത്തറില്‍ വൈറലായി ഒരു തൃശൂര്‍ ഗ്രാമം
ദോഹ : ലോകം കോര്‍ത്തിണക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ചെറുതല്ലാത്ത കാലത്ത് തൃശൂരിലെ ഒരു ഗ്രാമം ഖത്തറില്‍ സുപരിചിതമായിരിക്കുകയാണ്. തൃശ്ശൂരിലെ എനമാവു എന്ന കൊച്ചു ഗ്രാമമാണ് ഖത്തറില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
എനമാവിലെ പല വീടുകളുടെയും ചുറ്റു മതിലുകള്‍ക്ക് ഖത്തറിന്റെ ദേശീയ പതാകയുടെ നിറം നല്‍കിയതാണ് ഈ പ്രശസ്തിക്ക് കാരണമായതു. കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ ഖത്തര്‍ പ്രവാസിയായ ഒരു യുവാവ് എനമാവിലൂടെ കടന്നു പോകുമ്പോള്‍ കണ്ട കാഴ്ച വീഡിയോ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു ഖത്തറില്‍ ഈ വീഡിയോയുടെ സ്വീകാര്യത. ദിവസങ്ങള്‍ വൈകാതെ തന്നെ ഖത്തറിലെ പ്രമുഖമായ എല്ലാ മീഡിയ പോര്‍ട്ടലുകളും ഈ വീഡിയോ അവരവരുടെ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ഖത്തറികളായ സ്വദേശികളും ഖത്തറിലെ താമസക്കാരായ വിദേശികളടക്കം ഈ വീഡിയോ ഷെയര്‍ ചെയ്യുകയും സ്റ്റാറ്റസ് വെക്കുകയും ചെയ്തു.
തങ്ങള്‍ പലരും ജോലിയോ മറ്റു ബിസിനസ് ആവശ്യങ്ങള്‍ക്കോ വേണ്ടി വര്‍ഷങ്ങളോളം താമസിച്ചതും താമസിച്ചു കൊണ്ടിരിക്കുന്നതുമായ ഖത്തര്‍ എന്ന രാജ്യത്തോടുള്ള അകമഴിഞ്ഞ സ്‌നേഹം വീടിന്റെ ചുറ്റു മതിലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് തൃശൂരിലെ എനമാവ് എന്ന ഗ്രാമത്തിലെ ഖത്തര്‍ പ്രവാസികള്‍. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ റോഡിനു ഇരുവശവുമായി കിടക്കുന്ന വീടുകളുടെ മതിലുകള്‍ ഖത്തറിന്റെ ദേശീയ പതാകയുടെ നിറവും രൂപവും കൊണ്ട് അലങ്കരിച്ചിരിക്കുന്നതു വീഡിയോയില്‍ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്. ഐ ലവ് ഖത്തര്‍, ഖത്തര്‍ ലിവിങ് പോലുള്ള ഖത്തറിലെ പ്രമുഖമായ സോഷ്യല്‍ മീഡിയ ചാനലുകളും ഖത്തറിലെ മറ്റു പ്രധാന വാര്‍ത്ത മാധ്യമങ്ങളും ഈ വീഡിയോ ഷെയര്‍ ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഖത്തര്‍ പ്രവാസിയായ തൃശൂര്‍ സ്വദേശി ഷെറി മൊയ്ദീന്‍ ആണ് എനമാവുകാരുടെ ഖത്തര്‍ സ്‌നേഹം വീഡിയോയില്‍ പകര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും. തന്റെ അടുത്ത പ്രദേശമായ എനമാവിലൂടെ കടന്നു പോകുമ്പോള്‍ കണ്ട കൗതുകം വീഡിയോയില്‍ പകര്‍ത്തി ഷെയര്‍ ചെയ്യുമ്പോള്‍ ഖത്തറിലെ മീഡിയയും ജനതയും ഇത്രത്തോളം സ്വീകരിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന് യുവാവ് പറയുന്നു.
ബ്രഹ്‌മകുളം സ്വദേശിയായ ഷെറി മൊയ്ദീന്‍ പതിനേഴു വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്. സ്വന്തമായി മാന്‍ പവര്‍ സപ്ലൈ കമ്പനി നടത്തുന്ന ഈ യുവാവ് ഒരു സൈക്ലിസ്റ്റ് കൂടിയാണ്.ഖത്തര്‍ സൈക്ലിസ്റ്റ് ഫെഡറേഷന്‍ അംഗമായ ഷെറിന്‍, ഖത്തര്‍ സൈക്കിള്‍ റേസിംഗില്‍ സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. ഒഴിവ് ദിവസങ്ങളില്‍ നാട്ടില്‍ പോയപ്പോള്‍ തന്റെ അടുത്ത പ്രദേശമായ എനമാവു വഴി കടന്നു പോകുമ്പോഴാണ് ഈ വീഡിയോ പകര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും. തന്റെ വീഡിയോക്ക് ബാക്ക്ഗ്രൗണ്ട് ആയി മ്യൂസിക് നല്‍കുന്നതിന് പകരം താന്‍ നടത്തിയ വിവരണമായിരിക്കാം ഇത് ഇത്രയും വൈറലായതെന്നു വിശ്വസിക്കുന്നതോടൊപ്പം തന്റെ - പോസ്റ്റിനു മാത്രം ഒരു മില്യനുടുത്തു ലൈക്കുകള്‍ ഇതിനോടകം കിട്ടിക്കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണ് ഷെറി മൊയ്ദീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."