ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; യുപിയിൽ ശവസംസ്കാര ചടങ്ങിൽ 'റൈത്ത' കഴിച്ച 200 പേർ വാക്സിനെടുത്തു
ബദായൂം: ഉത്തർപ്രദേശിലെ ബദായൂം ജില്ലയിലുള്ള പിപ്രൗളി ഗ്രാമത്തിൽ പേവിഷബാധ ഭീതിയെത്തുടർന്ന് ഇരുന്നൂറോളം പേർ കൂട്ടത്തോടെ പ്രതിരോധ കുത്തിവയ്പ്പെടുത്തു. ശവസംസ്കാര ചടങ്ങിന്റെ ഭാഗമായി വിളമ്പിയ 'റൈത്ത' തയ്യാറാക്കാൻ ഉപയോഗിച്ച പാൽ, പേവിഷബാധയേറ്റ് ചത്ത എരുമയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗ്രാമം ഒന്നടങ്കം ആശുപത്രിയിലേക്ക് പാഞ്ഞത്.
സംഭവം ഇങ്ങനെ:
ഡിസംബർ 23-നായിരുന്നു ഗ്രാമത്തിൽ ശവസംസ്കാര ചടങ്ങുകൾ നടന്നത്. ചടങ്ങിൽ പങ്കെടുത്തവർക്ക് തൈര് ചേർത്തുണ്ടാക്കുന്ന റൈത്ത വിതരണം ചെയ്തിരുന്നു.ചടങ്ങ് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, ഡിസംബർ 26-ന് പാൽ നൽകിയ എരുമ ചത്തു. ഇതിന് പിന്നാലെയാണ് ദിവസങ്ങൾക്ക് മുൻപ് എരുമയെ തെരുവുനായ കടിച്ചിരുന്നതായും ചാവുന്നതിന് മുൻപ് മൃഗം പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായും ഗ്രാമവാസികൾ അറിഞ്ഞത്.ഇതോടെ ഭക്ഷണം കഴിച്ചവർ പരിഭ്രാന്തിയിലാവുകയും ഉജ്ഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൂട്ടത്തോടെ എത്തുകയുമായിരുന്നു.
ആരോഗ്യവകുപ്പിന്റെ പ്രതികരണം:
ഗ്രാമവാസികളുടെ ആശങ്ക കണക്കിലെടുത്ത് എല്ലാവർക്കും പ്രതിരോധ വാക്സിൻ നൽകിയതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രമേശ്വർ മിശ്ര അറിയിച്ചു. സാധാരണഗതിയിൽ പാൽ തിളപ്പിച്ചു കഴിഞ്ഞാൽ വൈറസ് നശിക്കുമെന്നും ഭക്ഷണം വഴി രോഗം പകരാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ഗ്രാമത്തിൽ നിലവിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."