ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്
ഹൈദരാബാദ്: ടി-20 ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കുട്ടിക്രിക്കറ്റിൽ 12,000 റൺസ് പൂർത്തിയാക്കാനാണ് രോഹിത്തിന് സാധിച്ചിരിക്കുന്നത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ടി-20 ഫോർമാറ്റിൽ 12,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. വിരാട് കോഹ്‌ലിയാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരം.
ഇതിനു പുറമെ ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ താരം കൂടിയാണ് രോഹിത്. ക്രിസ് ഗെയ്ൽ, അലക്സ് ഹെയ്ൽസ്, ഷോയിബ് മാലിക്, കീറോൺ പൊള്ളാർഡ്, വിരാട് കോഹ്‌ലി, ഡേവിഡ് വാർണർ, ജോസ് ബട്‌ലർ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് രോഹിത് തിളങ്ങിയത്. 46 പന്തിൽ 70 റൺസാണ് രോഹിത് സ്വന്തമാക്കിയത്. എട്ട് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രോഹിതിന്റെ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി ആയിരുന്നു ഇത്. രോഹിത്തിന് പുറമെ മുംബൈക്കായി സൂര്യകുമാർ യാദവ് 19 പന്തിൽ പുറത്താവാതെ 40 റൺസും നേടി വിജയത്തിൽ നിർണായകമായി. അഞ്ചു ഫോറുകളും രണ്ട് സിക്സുമാണ് സൂര്യകുമാർ നേടിയത്.
അർദ്ധ സെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ. 44 പന്തിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പടെ 71 റൺസാണ് ക്ലാസൻ അടിച്ചെടുത്തത്. അഭിനവ് മനോഹർ 37 പന്തിൽ 43 റൺസും നേടി.
മുംബൈ ബൗളിങ്ങിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ട്രെന്റ് ബോൾട്ടാണ് മികച്ച പ്രകടനം നടത്തിയത്. നാല് ഓവറിൽ വെറും 26 റൺസ് മാത്രം വിട്ടുനൽകിയാണ് ബോൾട്ട് തിളങ്ങിയത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും ബോൾട്ട് തന്നെയാണ്. ദീപക് ചഹർ രണ്ട് വിക്കറ്റുകളും ജസ്പ്രീത് ബുംറ, ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ മുംബൈ ഏഴ് വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഹൈദരാബാദ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം പിന്തുടർത്തിറങ്ങിയ മുംബൈ 15.4 ഓവറിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. ജയത്തോടെ അഞ്ചു വിജയവുമായി 10 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈക്ക് സാധിച്ചു.
Rohit Sharma Create a Historical Achievement in T20 Format
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."