നഴ്‌സുമാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയിലെ മലയാളികളുള്‍പ്പെടെയുള്ള നഴ്‌സുമാര്‍ നടത്തിയ അനിശ്ചിതകാല പണിമുടക്ക് സര്‍ക്കാരിന്റെ വ്യക്തമായ ഉറപ്പു ലഭിക്കാതെ പിന്‍വലിച്ചു. വെള്ളിയാഴ്ച ജന്ദര്‍മന്ദറില്‍ തുടങ്ങിയ സമരം ശനിയാഴ്ച രാത്രിയോടെയാണ് പിന്‍വലിച്ചത്. ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ നഴ്‌സുമാര്‍ സമരരംഗത്തിറങ്ങിയത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതോടെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.
ശമ്പള പരിഷ്‌കരണം നടപ്പായതോടെ അലവന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയെന്നാരോപിച്ചാണ് നഴ്‌സുമാര്‍ സമരരംഗത്തിറങ്ങിയത്. ദേശീയ പണിമുടക്കു ദിവസമായിരുന്നു സമരം തുടങ്ങിയത്. പൊലിസ് അറസ്റ്റ് ചെയ്തു നീക്കിയ നഴ്‌സുമാരെ എം.പിമാര്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ് മോചിപ്പിച്ചത്. ശനിയാഴ്ചയും ഇവര്‍ ജന്ദര്‍മന്ദറില്‍ ധര്‍ണയിരുന്നു. ഇതിനിടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കി. പണിമുടക്കുന്ന നഴ്‌സുമാര്‍ ജോലിക്കെത്തിയില്ലെങ്കില്‍ എഫ്.ഐ.ആര്‍ ചുമത്തി കേസെടുക്കുമെന്ന് ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരും അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം കണ്ടെത്താനും ഇന്റര്‍വ്യൂ നടത്തി താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കാനും മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഈ സമയം ഡല്‍ഹിയിലുണ്ടായിരുന്ന കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജയും വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമുണ്ടായത്. നഴ്‌സുമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കിലും അനുഭാവപൂര്‍വം പരിഗണിക്കാമെന്നും തുടര്‍ന്നും ചര്‍ച്ചകള്‍ നടത്താമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചതായി നഴ്‌സുമാര്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."