മാര്‍ഗനിര്‍ദേശത്തിനു 50 ലക്ഷം കൈപുസ്തകങ്ങള്‍; അടിയന്തര ഘട്ടങ്ങളില്‍ ടോള്‍ ഫ്രീ നമ്പറും
മക്ക: ഹജ്ജിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന കൈപുസ്തകം വിതരണം ചെയ്യാന്‍ തുടങ്ങി. സഊദി ഔഖാഫിന്റെ മേല്‍നോട്ടത്തില്‍ അന്‍പതു ലക്ഷം പുസ്തകങ്ങളും സിഡികളുമാണ് തയാറാക്കിയിരിക്കുന്നത്. ഹജ്ജ് നിര്‍വഹിക്കുന്നതിലുള്ള സംശയങ്ങള്‍, തെറ്റിധാരണകള്‍ എന്നിവ ലഘൂകരിക്കുന്നതിനാണ് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
സുരക്ഷയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഫ്തീരിയ, ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീണു. നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കു മുന്നറിയിപ്പും നല്‍കി. വിവിധയിടങ്ങളില്‍ നിന്നും 15 ടണ്‍ വസ്തുക്കള്‍ മുനിസിപ്പല്‍ അധികൃതര്‍ നശിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന ഉണ്ടാകും.
3000ലധികം യന്ത്രസംവിധാനവും ഉപകരണങ്ങളും ഉപയോഗിച്ച് 17,000 ഓഫിസര്‍മാരാണ് സുരക്ഷാ വിഭാഗത്തില്‍ 24 മണിക്കൂറും സേവനത്തിലേര്‍പ്പെട്ടിട്ടുള്ളത്. പതിമൂന്നോളം സാധ്യതാ അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ശക്തമായ ദുരന്തപൂര്‍വ നിവാരണ മാര്‍ഗങ്ങളാണ് ഇക്കുറി സ്വീകരിച്ചിട്ടുള്ളത്.
അടിയന്തര ഘട്ടങ്ങളില്‍ ടോള്‍ ഫ്രീ സെന്‍ട്രല്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 911 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം ഇംഗ്ലീഷിലും അറബിയിലും അധികൃതര്‍ അയച്ചുതുടങ്ങി. ട്രാഫിക്, റോഡ് സുരക്ഷ, സിവില്‍ ഡിഫെന്‍സ് അടക്കമുള്ള വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് അടിയന്തര സുരക്ഷാ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."