യു.എസ് ഓപണ്‍: മുറെ, സെറീന പ്രീ ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ പുരുഷ വിഭാഗം ടെന്നീസില്‍ വിംബിള്‍ഡണ്‍ ജേതാവ് ആന്‍ഡി മുറെ, വാവ്‌റിങ്ക എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മുറെ ഇറ്റലിയുടെ പൗലോ ലോറെന്‍സിയെ കടുത്ത പോരാട്ടത്തില്‍ മറികടക്കുകയായിരുന്നു. സ്‌കോര്‍ 7-6, 5-7, 6-2, 6-3.
ആദ്യ രണ്ടു സെറ്റുകളില്‍ താളം കണ്ടെത്താന്‍ വിഷമിച്ച മുറെ നിരവധി പിഴവുകളാണ് വരുത്തിയത്. ആദ്യ സെറ്റില്‍ തുടരെ എയ്‌സുകള്‍ തൊടുത്ത ലോറെന്‍സി മുറെയെ സമ്മര്‍ദ്ദത്തിലാക്കി. 5-4ന് ലീഡെടുക്കാനും ഇറ്റാലിയന്‍ താരത്തിന് സാധിച്ചു. എന്നാല്‍ സെറ്റ് സ്വന്തമാക്കാന്‍ ലഭിച്ച അവസരം ലോറെന്‍സി നഷ്ടപ്പെടുത്തി. താരത്തിന്റെ അനവസരത്തിലുള്ള പിഴവു മുതലെടുത്ത് മുറെ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും മുറെ പിഴവുകള്‍ ആവര്‍ത്തിക്കുന്നതാണ് കണ്ടത്. ഇത്തവണ മികവോടെ പൊരുതിയ ലോറെന്‍സി സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ മുറെ മികവിലേക്കുയര്‍ന്നു. തുടക്കത്തില്‍ തന്നെ 4-1ന് ലീഡെടുത്ത മുറെ അനായാസം സെറ്റും സ്വന്തമാക്കി. നിര്‍ണായകമായ നാലാം സെറ്റില്‍ ലോറെന്‍സി നിറം മങ്ങി പോയതോടെ മുറെ സെറ്റും ജയവും സ്വന്തമാക്കുകയായിരുന്നു. അവസാന 16ല്‍ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവാണ് മുറെയ്ക്ക് എതിരാളി.
വാവ്‌റിങ്ക അമേരിക്കയുടെ ഡാനിയല്‍ ഇവാന്‍സിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 3-6, 7-6, 6-7, 2-6. ആദ്യ സെറ്റ് വാവ്‌റിങ്കയെ ഞെട്ടിച്ചു കൊണ്ട് ഇവാന്‍സ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ മികച്ച രീതിയില്‍ തിരിച്ചുവരാന്‍ വാവ്‌റിങ്കയ്ക്കായി. മൂന്നാം സെറ്റില്‍ ഇരു താരങ്ങളും പിഴവുകള്‍ നിരന്തരം വരുത്തി. എന്നാല്‍ അവസാന നിമിഷം മികവിലേക്കുയര്‍ന്ന് ഇവാന്‍സ് സെറ്റ് സ്വന്തമാക്കി. പിന്നീടുള്ള രണ്ടു സെറ്റുകളിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച വാവ്‌റിങ്ക മത്സരം സ്വന്തമാക്കുകയായിരുന്നു. ഉക്രൈന്റെ ഇല്യാ മാര്‍ച്ചെങ്കോയാണ് വാവ്‌റിങ്കയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ എതിരാളി.
മറ്റു മത്സരങ്ങളില്‍ കെയ് നിഷികോരി നിക്കോളാസ് മഹുറ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ മത്സരത്തിനിടെ പരുക്കേറ്റ് കിര്‍ഗിയോസ് പിന്‍മാറിയതിനെ തുടര്‍ന്നു മാര്‍ച്ചെങ്കോ വിജയം സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ വില്ല്യംസ് സഹോദരിമാര്‍, സിമോണ്‍ ഹാലെപ് റാഡ്വന്‍സ്‌ക എന്നിവര്‍ അവസാന 16ലെത്തിയിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ് സ്വീഡന്റെ ജൊഹാന ലാര്‍സനെ അനായാസം പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-2, 6-1. രണ്ടു സെറ്റിലും സെറീനയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ സ്വീഡിഷ് താരത്തിനു സാധിച്ചില്ല.
ജയത്തോടെ ഗ്രാന്‍ഡ് സ്ലാം ജയത്തില്‍ റെക്കോര്‍ഡിടാനും സെറീനയ്ക്ക് സാധിച്ചു. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ താരത്തിന്റെ 307ാം ജയമാണ് ജൊഹാനയ്‌ക്കെതിരേ സ്വന്തമാക്കിയത്.
വീനസ് വില്ല്യംസ് ജര്‍മനിയുടെ ലോറ സിഗ്മണ്ടിനെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 6-1, 6-2. ഹാലെപ് ബാബോസിനെയും റാഡ്വന്‍സ് ഗാര്‍ഷ്യയെയും പരാജയപ്പെടുത്തി.
സെറീന @ 307
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സ് മത്സരത്തിനിടെ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ് ലോക റെക്കോര്‍ഡിട്ടു. വനിതാ വിഭാഗത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ് സ്ലാം വിജയങ്ങള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സെറീന സ്വന്തമാക്കിയത്. കരിയറിലെ 307 ഗ്രാന്‍ഡ് സ്ലാം ജയമാണ് സെറീനയുടേത്. മാര്‍ട്ടിന നവരത്തിലോവയുടെ റെക്കോര്‍ഡാണ് മറികടന്നത്.
1999ല്‍ യു.എസ് ഓപണില്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയാണ് സെറീന ലോക ഒന്നാം നമ്പര്‍ താരത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. 17 വര്‍ഷം നീണ്ട കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കാന്‍ സെറീനയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ കിരീടം നേടിയാല്‍ സൂപ്പര്‍ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സെറീനയ്ക്ക് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."