ഓപ്പറേഷന്‍ അനന്ത; എ.എസ്.പി പട്ടയ ഉടമകളുടെ യോഗം തീരുമാനമാവാതെ പിരിഞ്ഞു
മണ്ണാര്‍ക്കാട്: ഓപ്പറേഷന്‍ അനന്ത എ.എസ്.പി പട്ടയ ഉടമകളുമായുള്ള ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. സബ് കലക്ടര്‍ പി.ബി നൂഹ് ബാവ ഒറ്റപ്പാലത്ത് വിളിച്ചുചേര്‍ത്ത മണ്ണാര്‍ക്കാട് മേഖലയിലെ 21 എ.എസ്.പി പട്ടയ ഉടമകളുടെ യോഗമാണ് വ്യക്തമായ തീരുമാനത്തിലെത്താതെ പിരിഞ്ഞത്.
കോടതിയില്‍ കേസുള്ളവരും, ഇല്ലാത്തവരുമായ മുഴുവന്‍ എ.എസ്.പി പട്ടയ ഉടമകളും യോഗത്തില്‍ പങ്കെടുത്തു. എ.എസ്.പി പട്ടയ ഉടമകളുടെ അധീനതയിലുളള കെട്ടിടങ്ങള്‍ക്ക് കേടുവരാത്ത രീതിയില്‍ നിലവിലെ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം നല്‍കാമെന്ന് എ.എസ്.പി പട്ടയ ഉടമകള്‍ യോഗത്തില്‍ അറിയിച്ചു.
എന്നാല്‍ നിയമപ്രകാരമുള്ള നടപടികളില്‍ നിന്നും പിന്നോട്ട് പോവാന്‍ കഴിയില്ലെന്ന നിലപാടിലാണ് റവന്യു വകുപ്പ്.
ഇതിനിടെ 21 പട്ടയ ഉടമകളില്‍ കോടതിയെ സമീപിക്കാത്ത ബാക്കിയുള്ള അഞ്ചു പേര്‍ കൂടി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എ.എസ്.പി പട്ടയമനുസരിച്ചുള്ള സ്ഥലം ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നിയമ പ്രശ്‌നങ്ങളൊഴിവാക്കി സമവായത്തിലൂടെ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യത കണ്ടെത്തുന്നതിനാണ് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നത്.
സമവായം നീണ്ടതോടെ അനന്തയുടെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."