വരും വര്‍ഷങ്ങളില്‍ കരിപ്പൂരിൽ നിന്നുള്ള അമിതനിരക്ക് ഒഴിവാക്കണം; കേന്ദ്ര മന്ത്രിയോട് ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: കരിപ്പൂർ ഹജ്ജ് എംപാർക്കേഷൻ പോയിന്റിൽ നിന്നുള്ള അമിത വിമാന നിരക്ക് അടുത്ത വർഷങ്ങളിൽ തുടരാതിരിക്കാൻ ഇടപെടലുകൾ നടത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ്ജ് കൂര്യനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷവും ഈ വർഷവും കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർ മറ്റു രണ്ട് എംപാർക്കേഷൻ പോയിന്റുകളിലേതിനേക്കാൾ വലിയ തുകയാണ് നൽകേണ്ടി വന്നത്.
ഒരേ സ്ഥലത്തേക്കുള്ള വിമാനക്കൂലിയിൽ ഒരിടത്ത് നിന്ന് മാത്രം ഭീമമായ തുക ഈടാക്കുന്നത് തീർഥാടർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അമിത നിരക്ക് ഈടാക്കുന്നത് കാരണം മുൻ വർഷത്തെ അപേക്ഷിച്ച് കരിപ്പൂർ ഹജ്ജ് എംപാർക്കേഷൻ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നിരക്ക് വർധന തുടർന്നാൽ കരിപ്പൂരിനെ കൈ ഒഴിയുന്ന സ്ഥിതി വരും. ഇത് സംസ്ഥാനത്ത് നിന്ന് കൂടുതൽ പേർ യാത്രയാകുന്ന പുറപ്പെടൽ കേന്ദ്രം നഷ്ടമാവാൻ ഇടവരും. അമിത നിരക്ക് വർധന ഒഴിവാക്കാൻ സുപ്രധാന ഇടപെടലുകൾ വേണം. അടുത്ത സീസണു മുമ്പായി ഈ വിഷയത്തിൽ പരിഹാരം ഉറപ്പാക്കണം.
കരിപ്പൂരിലെ റൺവേ വികസന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി വലിയ വിമാനങ്ങൾക്കുള്ള സർവിസ് അനുമതി പുനസ്ഥാപിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും അമിത നിരക്ക് വർധനവ് ഇല്ലാതാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
284 വനിതാ തീർഥാടകരുമായി ഹജ്ജ് വിമാനം യാത്രയായി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി എംബാർക്കേഷൻ പോയൻ്റിൽ നിന്ന് 284 വനിതാ തീർഥാടകർ മാത്രമായി സഊദി എയർലൈൻസിൻ്റെ ഹജ്ജ് വിമാനം യാത്രയായി.
ഇന്നലെ രാത്രി 8.40 നാണ് വിമാനം പുറപ്പെട്ടത്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് വിമാനമാണിത്. യാത്രയയപ്പ് സംഗമത്തിൽ തസ്ക്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് നൂർ ഷാ, അഡ്വ.പി.കെ മൊയ്തീൻ കുട്ടി, കോ-ഓഡിനേറ്റർ ടി.കെ സലീം സംബന്ധിച്ചു.
മൂന്ന് വിമാനങ്ങളിലായി 859 തീർഥാടകരാണ് നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയായത്.
ഇന്ന് 11.30 നും വൈകീട്ട് 3.30 നുമായി രണ്ട് വിമാനങ്ങൾ കൂടി ഹജ്ജ് തീർഥാടകരുമായി യാത്രയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."