ഡല്‍ഹി സ്‌ഫോടനം: പൊട്ടിത്തെറിയുണ്ടായത് സ്‌ഫോടക വസ്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റുമ്പോഴെന്ന് സൂചന; അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു
ന്യൂഡല്‍ഹി: കനത്ത സുരക്ഷാസന്നാഹം നിലനില്‍ക്കുന്ന ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനം എങ്ങിനെ സംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. ചാവേര്‍ സ്ഫോടനമല്ലെന്ന നിഗമനത്തിലായിരുന്നു ആദ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രതികള്‍ സ്ഫോടക വസ്തു കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയതാകാമെന്നും പൊലിസ് പറയുന്നു. നടന്നത് ആസൂത്രിത ആക്രമണം അല്ലെന്നാണ് നിഗമനം. ഫരീദാബാദില്‍ ഭീകര സംഘത്തെ പിടികൂടിയതിന് പിന്നാലെ പരിഭ്രാന്തിയില്‍ ഉമര്‍ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഇത് പ്രാഥമിക വിലയിരുത്തലുകള്‍ മാത്രമാണെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
ബോംബ് പൊട്ടിത്തെറിച്ചാണ് ആക്രമണം ഉണ്ടായതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരിച്ചവരുടെയും പരുക്കേറ്റവരുടെയും ശരീരത്തില്‍ ആണികള്‍ പോലുള്ളവ തുളച്ചുകേറിയതിന്റെയും കരി പുരണ്ട പാടുകള്‍ കണ്ടെത്തിയിട്ടില്ലാത്തതിനാലും ബോംബാക്രമണമല്ലെന്ന നിഗമനത്തിലാണ് അധികൃതര്‍. എന്നാല്‍, മീറ്ററുകള്‍ക്കപ്പുറത്തെ വാഹനങ്ങള്‍ ഉള്‍പ്പെടെ തകരുകയും മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചിതറിത്തെറിച്ചതിനാലും ഉഗ്രസ്ഫോടനം ആണ് ഉണ്ടായിരിക്കുന്നതെന്നും വ്യക്തമായി. നിലവില്‍ ഫോറന്‍സിക് വിദഗ്ധര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പരിശോധനയ്ക്ക് ശേഷം മാത്രമേ എന്താണ് സ്ഫോടന കാരണമെന്ന് വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
അതേസമയം, സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. വൈകിട്ട് 5.30നാണ് യോഗം ചേരുന്നത്.
നടന്നത് ഐ.ഇ.ഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഐ.ഇ.ഡിയിലെ വസ്തുക്കള്‍ കൃത്യമായി സംയോജിപ്പിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതിനാല്‍ ഐ.ഇ.ഡി സ്ഫോടനത്തിന്റെ ആഘാതം പരിമിതപ്പെട്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരച്ചുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വിശദമാക്കുന്നു.
ഫരീദാബാദില്‍ സ്ഫോടക വസ്തുക്കളുമായി പിടികൂടിയവരുമായി ഉമറിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം പറയുന്നത്. സെപ്തംബറില്‍ ഈ വാഹനം ഫരീദാബാദിലും മറ്റിടങ്ങളിലും സഞ്ചരിച്ചിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് പൊട്ടിത്തെറിച്ചത്. കാറില്‍ ഒന്നിലധികം പേരുണ്ടായിരുന്നു. ഇതില്‍ കശ്മീരി സ്വദേശി ഡോ. ഉമര്‍ നബി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ശരീരങ്ങള്‍ ചിതറിയതിനാല്‍ തിരിച്ചറിയാനായി ഉമറിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും രക്തസാംപിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഉമറിന്റെ കാശ്മീരിലെ വീട്ടില്‍ എത്തിയാണ് മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു. ഉമര്‍ മുമ്പ് ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയിലും പൊലിസ് പരിശോധന നടത്തി. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആറേഴു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
വൈകിട്ട് നാലുമണിക്ക് വീണ്ടും ഉന്നതതല യോഗം വിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.ഐ.എക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ഞൂറിലധികം പൊലിസുകാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇന്നലെ ചാന്ദ്നി ചൗക്ക് ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലും ഹരിയാനയിലും ജമ്മുകശ്മീരിലും റെയ്ഡുകള്‍ നടന്നു.
ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രി പരിസരവും മൗലന ആസാദ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയും തിങ്കളാഴ്ച രാത്രി മുതല്‍ സാക്ഷ്യംവഹിക്കുന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളുടെ ഉള്ളുലക്കുന്ന രംഗങ്ങളാണ് ചുറ്റും.
പരിക്കേറ്റവരെ എല്‍.എന്‍.ജെ.പിയിലേക്കും മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്കുമാണ് മാറ്റിയത്. ഒമ്പത് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും വിവിധ ശരീരാവശിഷ്ടങ്ങള്‍കൂടി കണക്കിലെടുത്ത് 13 വരെ ആയേക്കാമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ കൊണ്ടുപോയി.
യു.പി ഷാംലി സ്വദേശി 22കാരന്‍ നുഅ്മാന്‍ അന്‍സാരി, ബിഹാര്‍ സ്വദേശി ടാക്‌സി ട്രൈവര്‍ പങ്കജ് ചൗധരി, യു.പി ശ്രാവസ്തി സ്വദേശി ദിനേഷ് കുമാര്‍ മിശ്ര, ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായ യു.പി അംറോഹ സ്വദേശി അശോക് കുമാര്‍, ഡല്‍ഹി ശ്രീനിവാസ്പുരി സ്വദേശി 34കാരനായ അമര്‍ കഠാരിയ, യു.പി സ്വദേശി ലോകേഷ് അഗര്‍വാള്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റില്‍നിന്ന് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാനെത്തിയപ്പോഴാണ് ഷാംലിയില്‍ വ്യാപാരിയായ നുഅ്മാന്‍ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധു 21കാരനായ അമന് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. മരണ വിവരം അറിഞ്ഞ് കുടുംബം ചൊവ്വാഴ്ച അതിരാവിലെത്തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ എത്തിയിരുന്നു.
കൊല്ലപ്പെട്ട പങ്കജ് സൈനി ബിഹാര്‍ സ്വദേശിയാണ്. ചാന്ദ്‌നി ചൗക്കില്‍ യാത്രക്കാരനെ ഇറക്കിവിട്ട ഉടനെയായിരുന്നു സ്‌ഫോടനം. ദിനേഷ് കുമാര്‍ മിശ്ര ചാന്ദ്‌നിചൗക്കില്‍ ക്ഷണക്കത്തുകള്‍ വില്‍ക്കുന്ന കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ സുഹൃത്തിനെ കാണാന്‍ ലാല്‍കില മെട്രോ സ്റ്റേഷന് സമീപത്ത് എത്തിയതായിരുന്നു അശോക് കുമാര്‍. അപകടസ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയിലെ ജഗത്പുരിലാണ് അശോക് ഭാര്യക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമൊപ്പം താമസിച്ചിരുന്നത്. ഫാര്‍മസി നടത്തിയിരുന്ന ഡല്‍ഹി ശ്രീനിവാസ് പുരി സ്വദേശിയായ 34കാരനായ അമര്‍ കഠാരിയ എന്നിവര്‍ കടയടച്ച് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.
the delhi blast is suspected to have occurred while explosives were being transferred to another location. security agencies and delhi police have intensified the investigation to uncover the cause and those involved in the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."