ജില്ലാ കബഡി അസോസിയേഷന്റെ നിയമാവലിക്കെതിരേ പ്രതിഷേധം ശക്തം കളിക്കാരും ക്ലബ്ബുകളും പ്രതിഷേധത്തില്‍ തീരുമാനം തിരുത്തണമെന്നാവശ്യം
നീലേശ്വരം: കബഡിയുടെ ഈറ്റില്ലമായ ജില്ലയില്‍ ജില്ലാ കബഡി അസോസിയേഷന്റെ പുതിയ നിയമാവലിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കളിക്കാര്‍ക്കും ക്ലബ്ബുകള്‍ക്കും ദോഷകരമാകുന്ന രീതിയിലാണ് നിയമാവലികളൊരുക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ വിവിധ കബഡി ക്ലബ്ബുകളും കളിക്കാരും രംഗത്തെത്തിക്കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലും ഇതിനെതിരായ പ്രതിഷേധം ശക്തമാണ്.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കളിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള അസോസിയേഷന്റെ നിയമം ഏകപക്ഷീയമാണെന്ന ആരോപണമുണ്ട്. കാര്‍ഡിന് 50 രൂപയാണ് അസോസിയേഷന്‍ ഈടാക്കുന്നത്.
എന്നാല്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരില്‍ നിന്ന് തുക ഈടാക്കുന്നത് വിമര്‍ശനത്തിനു കാരണമാകുന്നു.കൂടാതെ കബഡിയോടുള്ള ആവേശം കൊണ്ട് സീസണുകളില്‍ നാട്ടിലെത്തി മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ആരു നല്‍കുമെന്ന ചോദ്യവുമുയരുന്നു.
ടൂര്‍ണമെന്റുകള്‍ രാത്രി പത്തു മണി വരെ മാത്രമേ പാടുള്ളൂ എന്നതാണ് വിമര്‍ശനത്തിനിടയാക്കുന്ന മറ്റൊരു നിയമം. സീസണുകളില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ രാത്രി കാലങ്ങളില്‍ നിരവധി കബഡി ടൂര്‍ണമെന്റുകള്‍ നടക്കാറുണ്ട്.
എല്ലാ ആള്‍ക്കാര്‍ക്കും കളി കാണാനും ഇത് സൗകര്യമൊരുക്കുന്നു. ഈ നിയമം നടപ്പിലാക്കുന്നതിലൂടെ കാണികളെ കബഡിയില്‍ നിന്നകറ്റുകയാണ് അസോസിയേഷന്‍ ചെയ്യുന്നതെന്ന വിമര്‍ശനവുമുണ്ട്.
25,000 രൂപ വരെയുള്ള ലോക്കല്‍ മത്സരങ്ങളില്‍ സ്വന്തം ക്ലബ്ബിന്റെ കളിക്കാരും, 26,000 മുതല്‍ 49,000 വരെ കേരളത്തിലെവിടെ നിന്നുമുള്ള മൂന്ന് കളിക്കാരെയും മാത്രമേ കളിപ്പിക്കാന്‍ പാടുള്ളൂ എന്ന നിയമം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കളിക്കാരും ക്ലബ്ബുകളും. ഇതിലൂടെ അന്തര്‍ദേശീയ തലത്തിലുള്ള കളിക്കാരോടൊത്ത് കളിക്കാനുള്ള അവസരമാണ് പുതുതലമുറയ്ക്കു നഷ്ടപ്പെടുന്നതെന്ന വാദമാണ് നിയമാവലിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്.
പ്രോ കബഡിയിലുള്‍പ്പെടെ കളിക്കുന്നവര്‍ ജില്ലയിലെ ലോക്കല്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാനെത്താറുണ്ട്. ഇതിനു തടയിടുന്നത് ജില്ലയിലെ കബഡിയുടെ തളര്‍ച്ചയ്ക്കു മാത്രമേ കാരണമാകൂ എന്നും ഇവര്‍ പറയുന്നു.
ലോക്കല്‍ ടൂര്‍ണമെന്റുകളില്‍ 300 രൂപയും ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിന് ആയിരം രൂപയും രജിസ്‌ട്രേഷന്‍ ഫീസായി സംഘാടകര്‍ അസോസിയേഷനില്‍ അടക്കണമെന്ന നിയമവും അംഗീകരിക്കാന്‍ കളിക്കാരും ക്ലബ്ബുകളും തയ്യാറല്ല. അങ്ങനെ അടക്കുന്ന തുക കൊണ്ട് കളിക്കാര്‍ക്കോ ക്ലബ്ബുകള്‍ക്കോ ഉപകാരമുണ്ടാകുന്നില്ലെന്നാണ് ഇവരുടെ വാദം. കളിക്കളത്തില്‍ വച്ച് പരുക്കേല്‍ക്കുന്ന കളിക്കാരുടെ സംരക്ഷണത്തിനാവശ്യമായി നടപടികള്‍ അസോസിയേഷന്‍ കൈക്കള്ളാറില്ലത്രേ. അതേസമയം കളിക്കാര്‍ക്കും ക്ലബ്ബുകള്‍ക്കും നിയമാവലി ഉണ്ടാക്കുന്ന അസോസിയേഷന്‍ റഫറിമാരുടെ ഫീസ് ഏകീകരിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. റഫറിമാര്‍ ക്ലബ്ബുകളെ പിഴിയുകയാണെന്നാണ് ആരോപണം. ഇതിനു അസോസിയേഷന്റെ പിന്തുണയുണ്ടെന്നും ഇവര്‍ പറയുന്നു.
കളിക്കാരെയോ ക്ലബ്ബുകളെയോ പങ്കെടുപ്പിക്കാതെ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്ലബ്ബുകളും കളിക്കാരുമുള്ളത്.
എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് നിയമാവലികളില്‍ മാറ്റം വരുത്താത്ത പക്ഷം യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇവര്‍ പറയുന്നു. അസോസിയേഷനില്‍ നിന്നും പുറത്തുവന്ന് സ്വന്തം നിലയ്ക്ക് കബഡി ടൂര്‍ണമെന്റുകള്‍ നടത്താനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."