മദറിന്റെ കൈയൊപ്പു പതിഞ്ഞ ചിത്രങ്ങളുമായി ചിത്രകലാധ്യാപകന്‍
ആലക്കോട്: അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ കൈയൊപ്പു പതിഞ്ഞ ചിത്രങ്ങള്‍ നിധി പോലെ സൂക്ഷിക്കുകയാണ് ആലക്കോട് തേര്‍ത്തല്ലിയിലെ ഷാജി മുതുകാട് എന്ന ചിത്രകലാധ്യാപകന്‍. 23 വര്‍ഷം മുമ്പ് മദര്‍ കണ്ണൂരിലെത്തിയപ്പോഴാണ് ഏറെ ത്യാഗം സഹിച്ച് ഇദ്ദേഹം വരച്ച രണ്ടു ചിത്രങ്ങളില്‍ മദറിന്റെ കൈയൊപ്പു പതിക്കാന്‍ കഴിഞ്ഞത്. വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് ബസിലിക്കയില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ മദറിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളും വിശുദ്ധമാവുകയാണ്.
സഹപാഠിയായ ഒരു വൈദികന്‍ മുഖാന്തിരമാണു മദര്‍ കണ്ണൂരില്‍ എത്തുന്ന വിവരം ഷാജി അറിയുന്നത്. തുടര്‍ന്ന് എണ്ണഛായത്തിലും വാട്ടര്‍ കളറിലും ഓരോരോ ചിത്രങ്ങള്‍ വരച്ച് മദര്‍ വിശ്രമിക്കുന്ന കണ്ണൂരിലെ ദേവാലയത്തില്‍ എത്തുകയായിരുന്നു. വന്‍ സുരക്ഷാ ക്രമീകരങ്ങള്‍ ഉള്ളതിനാല്‍ ഏറെ പ്രയാസപെട്ടാണു മദറിന്റെ സമീപത്തേക്ക് എത്താന്‍ പറ്റിയതെന്നു ഷാജി ഓര്‍ക്കുന്നു.
മദറിന്റെ ഉപദേശ പ്രകാരമാണു കുട്ടികള്‍ക്കു ചിത്രരചന അഭ്യസിപ്പിക്കുന്നതിനായി ആലക്കോട് കേന്ദ്രമാക്കി ഷാരോണ്‍ ചിത്രകലാ വിദ്യാലയം എന്ന സ്ഥാപനം ആരംഭിച്ചത്.
മദറിന്റെ കൈയൊപ്പു പതിഞ്ഞ ചിത്രങ്ങള്‍ ക്രിസ്ത്യന്‍ നിയമ പ്രകാരം വണക്കത്തിനു യോഗ്യമായവയാണെന്നതും ചിത്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
മദറിന്റെ ചിത്രങ്ങള്‍ കാണാന്‍ നിരവധി ആളുകളാണ് ആലക്കോട് കുരിശു പള്ളിക്ക് സമീപമുള്ള ഷാജിയുടെ വിദ്യാലയത്തില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."