പ്രതിസന്ധികള്‍ക്കു നടുവില്‍ ഇന്ന് യു.ഡി.എഫ് യോഗം
തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കുനടുവില്‍ ഇന്നു യു.ഡി.എഫ് യോഗം ചേരും. മുന്‍മന്ത്രി കെ.ബാബുവിനെതിരേ നടക്കുന്ന വിജിലന്‍സ് നടപടികളും ബാര്‍കോഴക്കേസ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) തയാറാക്കിയതെന്നു പറയപ്പെടുന്ന റിപ്പോര്‍ട്ടും യോഗത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വഴിവയ്ക്കും. ഇന്ന് രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. നേരത്തെ തീരുമാനിച്ചതാണ് യോഗം. ഇതിനിടയിലാണ് യു.ഡി.എഫിനു പ്രതിസന്ധി സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുണ്ടായത്.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന ബാബുവിന്റെയും ബന്ധുക്കളുടെയുമൊക്കെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് എന്തു നിലപാട് സ്വീകരിക്കണമെന്നത് യോഗത്തില്‍ തര്‍ക്കങ്ങള്‍ക്കു കാരണമായേക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തന്നെ വ്യക്തമായൊരു നിലപാടിലെത്തിയിട്ടില്ല.
റെയ്ഡിനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പിലെ ചില നേതാക്കളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും റെയ്ഡിനെതിരേ പ്രതികരിച്ചെങ്കിലും ഐ ഗ്രൂപ്പ് സ്വീകരിച്ചത് അയഞ്ഞ നിലപാടാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാകട്ടെ, ഒന്നും പറഞ്ഞിട്ടുമില്ല. സുധീരന്റെ മൗനത്തില്‍ എ ഗ്രൂപ്പിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിട്ടുമുണ്ട്.
യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളും ബാബുവിനെതിരായ നടപടിയോട് പ്രതികരിച്ചിട്ടില്ല. ബാബുവിന്റെ പാര്‍ട്ടി തന്നെ ഏകാഭിപ്രായത്തിലെത്താത്ത സാഹചര്യത്തില്‍ അഭിപ്രായം പറയാതെ മാറിനില്‍ക്കുകയാണവര്‍. സുധീരന്റെ മൗനത്തോട് ചില ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്. ഈനില തുടരാനാവില്ലെന്നും മുന്നണി വ്യക്തമായ നിലപാടിലെത്തണമെന്നുമുള്ള ആവശ്യം യോഗത്തില്‍ ഉയരും. ഇതിനിടയിലാണ് ബാര്‍കോഴ ഗൂഢാലോചനയെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) തയാറാക്കിയതെന്നു പറയപ്പെടുന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. മാണിക്കെതിരായ ഗൂഢാലോചനയില്‍ ചെന്നിത്തലയ്ക്കും അടൂര്‍ പ്രകാശിനും ജോസഫ് വാഴയ്ക്കനുമൊക്കെ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം റിപ്പോര്‍ട്ടിലുണ്ട്. ചിലര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് യു.ഡി.എഫ് വിടുന്നഘട്ടത്തില്‍ കെ.എം മാണി ആരോപിക്കുകയും ചെയ്തിരുന്നു.
മാണിയോട് കോണ്‍ഗ്രസ് വേണ്ടത്ര നീതി കാട്ടിയില്ലെന്ന പരാതി മുന്നണിയിലെ ചില ഘടകകക്ഷികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ സത്യാവസ്ഥ പരിശോധിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയരാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."