ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വടകര നഗരം
വടകര: ഓണം, ബക്രീദ് ആഘോഷങ്ങള്‍ അടുത്തതോടെ വടകര നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നഗരത്തില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. ഇതുമൂലം അവശ്യസാധനങ്ങള്‍ക്കും മറ്റുമായി നഗരത്തിലെത്തുന്ന ജനങ്ങള്‍ വലയുകയാണ്.
ദേശീയപാതയിലെ തിരക്കുകാരണം കണ്ണൂര്‍ ഭാഗത്തുനിന്ന് മെഡിക്കല്‍ കോളജിലേക്കും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്കുമുള്ള ആംബുലന്‍സുകളടക്കം വഴിയില്‍ കുടുങ്ങുകയാണ്. നഗരത്തിലെങ്ങും ട്രാഫിക് പൊലിസിനെ വിന്യസിച്ചിട്ടും ഗതാഗതക്കുരുക്കിനു പരിഹാരമായിട്ടില്ല. പ്രധാന റോഡരികുകള്‍ വാഹന പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്നതുകൊണ്ടും ഗതാഗത സ്തംഭനമുണ്ടാകുന്നുണ്ട്.
നഗരത്തില്‍ മിക്ക വ്യാപാരസ്ഥാപനങ്ങളും സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും പാര്‍ക്കിങ് ഏരിയ ഉപയോഗപ്പെടുത്തുകയാണ്. ഇവിടേക്ക് വരുന്ന വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തുന്നതോടെ കാല്‍നടയാത്രപോലും ബുദ്ധിമുട്ടാവുന്നു. ദേശീയപാതയിലെ സിഗ്നല്‍ സംവിധാനം കൂടിയാകുമ്പോള്‍ മണിക്കൂറുകള്‍ നീളുകയാണ് ഗതാഗതക്കുരുക്ക്.
മാര്‍ക്കറ്റ് റോഡിലെ ലോറികള്‍ ചരക്ക് ഇറക്കുന്നതിന് നിശ്ചിത സമയം പാലിക്കാത്തതും സ്വകാര്യ വാഹനങ്ങള്‍ പാതയോരം കൈയേറി പാര്‍ക്കു ചെയ്യുന്നതുമൂലം മെയിന്‍ റോഡ്, കോണ്‍വെന്റ് റോഡ്, ജെ.ടി റോഡ്, എടോടി എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ ഗതാഗതക്കുരുക്കില്‍ നിന്നു താല്‍ക്കാലിക രക്ഷ നേടാന്‍വേണ്ടി വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പറ്റിയ റോഡും നഗരത്തിനില്ല.
മാര്‍ക്കറ്റ് റോഡിലെ കുരുക്ക് ഒഴിവാക്കാന്‍ നഗരസഭയും പൊലിസും ആര്‍.ടി.ഒയും യൂനിയനുകളും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ ഇതുവരെ നടപ്പായിട്ടില്ല. ഇവിടെ ചരക്ക് കയറ്റിറക്കിന് ഏര്‍പ്പെടുത്തിയ സമയക്രമം പാലിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ദേശീയപാതയോരത്ത് റോഡിനോടു ചേര്‍ന്ന് നൂറുകണക്കിനു വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. ഈ ഭാഗത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."