HOME
DETAILS

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ; നൂറ്റാണ്ടിന്റെ സുകൃതം

  
സാദിഖ് ഫൈസി താനൂർ
June 26, 2025 | 5:07 AM

Samastha at 100 The Timeless Beauty of a Legacy

കേരളത്തിലെ ഏറ്റവും വലിയ മുസ്്‌ലിം മത സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. 1926 ജൂണ്‍ 26നു കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് രൂപീകരിക്കപ്പെട്ട സംഘടനക്ക് ഒരു നൂറ്റാണ്ട് തികയുന്നു. സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ രീതിയില്‍ പാരമ്പര്യ ഇസ്്‌ലാമിനെ പ്രതിനിധാനം ചെയ്യുകയാണ് സമസ്ത. മതത്തിന്റെ പേരില്‍ സ്വന്തമായി നിര്‍മിച്ചെടുത്ത ഒരു പ്രത്യേകമായ ആദര്‍ശമോ ഐഡിയോളജി സമസ്തയ്ക്കില്ല. ലോകത്തെ മുസ്്‌ലിം മഹാഭൂരിപക്ഷം നാളിതുവരെ പ്രതിനിധാനം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ, പാരമ്പര്യ ഇസ്്‌ലാമിന്റെ നയനിലപാടുകളും സമീപനരീതികളും സംരക്ഷിച്ചുനിര്‍ത്തുക എന്നതാണ് സമസ്തയുടെ ദൗത്യം. ഒരു നൂറ്റാണ്ടുകാലമായി സമസ്ത കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യമതാണ്.

കേരളത്തിലെ ഇസ്്‌ലാമിനും മുസ്്‌ലിംകള്‍ക്കും പ്രവാചക കാലത്തോളം പഴക്കമുണ്ടെന്നാണ് ചരിത്രത്തിന്റെ സൂചനകളെല്ലാം. അഥവാ മുഹമ്മദ് നബി (സ)യുടെ തിരുമുമ്പിലിരുന്ന് ഇസ്്‌ലാമിനെ നേരിട്ടുകാണാനും കേള്‍ക്കാനും അനുഭവിക്കാനും ആസ്വദിക്കാനും ഭാഗ്യം സിദ്ധിച്ചവരില്‍ നിന്നാണ്, കേരളത്തിലെ ഇസ്്‌ലാമിന്റെ ഒന്നാം തലമുറ, മതത്തെ പഠിച്ചതും പകര്‍ത്തിയതും. അതിന്റെ തനിമയും വിശുദ്ധിയും ചോര്‍ന്നുപോകാതെ സംരക്ഷിക്കുന്നതില്‍ ഓരോ കാലഘട്ടത്തിലെയും മതപണ്ഡിതന്മാര്‍ ഇവിടെ നിതാന്ത ജാഗ്രതയോടെ നിലകൊണ്ടു. അതിനിടയില്‍, വിവിധങ്ങളായ ചിന്താപ്രസ്ഥാനങ്ങളും പുതിയ ഐഡിയകളും മുസ്്‌ലിം ലോകത്ത് ഉടലെടുത്തിട്ടുണ്ടായിരുന്നു. അവ സൃഷ്ടിച്ച വിവാദങ്ങളില്‍പെട്ട് വിശ്വാസികളുടെ പള്ളിയും പള്ളിക്കൂടവും കുടിലും കൊട്ടാരവുമെല്ലാം പല ഘട്ടങ്ങളിലും പുകഞ്ഞുനിന്നു. എന്നാല്‍, അത്തരം വിവാദങ്ങളും പ്രശ്‌നങ്ങളും കടന്നുവരാതെ കേരളത്തെ കോട്ടകെട്ടി സംരക്ഷിക്കുന്നതില്‍ ഇവിടുത്തെ പണ്ഡിതമഹത്തുക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തി. പക്ഷേ, അതിനെയെല്ലാം തകര്‍ത്തുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വഹാബിസം പോലെയുള്ള ചിന്താ പ്രസ്ഥാനങ്ങള്‍ കേരള മുസ്്‌ലിംകളിലേക്കും നുഴഞ്ഞുകയറാന്‍ തുടങ്ങി. ആ സന്ദര്‍ഭത്തിലാണ്, പാരമ്പര്യ ഇസ്്‌ലാമിന്റെ ആദര്‍ശ സംരക്ഷണത്തിനായി പണ്ഡിതന്മാര്‍ രംഗത്തിറങ്ങുന്നതും അവര്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ രൂപീകരിക്കുന്നതും.

ആദര്‍ശസംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ ഈ നാടിന്റെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കു വേണ്ട കാര്യങ്ങളെല്ലാം സമസ്ത ശ്രദ്ധിച്ചു. 1934 രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്തയുടെ ഭരണഘടന, സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ അഞ്ചാമതായി രേഖപ്പെടുത്തിയ ഇ. വകുപ്പ് ഇങ്ങനെ: 'മുസ്്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം ഇത്യാദികളെ നശിപ്പിച്ച് സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക'

സമുദായ പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വഹാബിസം, ഖാദിയാനിസം, മൗദൂദിസം, തബ്‌ലീഗിസം, എം.ഇ.എസ്, സി.എന്‍ മൗലവിയാദികളുടെ മോഡേണിസം, ചേകന്നൂരിസം, കപട സൂഫിസം തുടങ്ങിയവയ്‌ക്കെതിരേ രംഗത്തിറങ്ങാനും പ്രതിരോധ നൈരന്തര്യത്തില്‍ ഏര്‍പ്പെടാനും സമസ്ത പണ്ഡിതന്മാരെ പ്രചോദിപ്പിച്ചത്, സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും തകരരുതെന്ന ചിന്തയാണ്. സമുദായത്തിനകത്ത് പുതിയൊരു ചിന്താധാരകൂടി ഉടലെടുക്കുന്നു എന്നതിന്റെ അര്‍ഥം പുതിയൊരു ചേരിതിരിവുകൂടി രംഗപ്രവേശം ചെയ്യുന്നു എന്നാണ്. ഓരോ പുതിയ വാദക്കാര്‍ വരുമ്പോഴും ആഭ്യന്തര വിള്ളലുകളും ആന്തരികവിടവുകളും കൂടുന്നു എന്നാണ് അര്‍ഥം. ഇതു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശൈഥില്യത്തിന്റെ വൈറസ് ബാധിച്ച ബിദഇകളെ സമുദായം മാറ്റിനിര്‍ത്തണമെന്ന് ഗൗരവം ചോരാത്ത ഭാഷയില്‍ തന്നെ സമസ്ത ആഹ്വാനം ചെയ്തത്. സാംക്രമിക രോഗങ്ങള്‍ ബാധിച്ചവരെ സമൂഹം മാറ്റിനിര്‍ത്തുന്നത് ആ രോഗം മറ്റുള്ളവരില്‍ പടരാതിരിക്കാനാണ്. സമൂഹത്തില്‍ ചേരിതിരിവും വിവേചനവും ഉണ്ടാക്കാന്‍ വേണ്ടിയല്ല അത്. ബിദ്അത്ത് എന്ന മതനിരവീകരണ ആശയങ്ങളെ ഇസ്് ലാം ഒരു സാംക്രമിക രോഗമായി കാണുന്നു. അതുകൊണ്ടുതന്നെ അവരോടുള്ള സമീപനമാണ് ബിദഈ കക്ഷികളോടും സമസ്ത വച്ചുപുലര്‍ത്തുന്നത്.

ആദര്‍ശ വിഷയങ്ങളില്‍ ഇത്തരം കണിശമായ സമീപനം സ്വീകരിക്കുമ്പോഴും, സമുദായത്തിന്റെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങളില്‍, വിഷയാധിഷ്ഠിതമായി എല്ലാവരോടും സഹകരിക്കാന്‍ സമസ്ത തയാറായിട്ടുണ്ട്. 1985ലെ ശരീഅത്ത് വിവാദം അതിന്റെ മനോഹരമായ ഉദാഹരണമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മുസ്്‌ലിം വ്യക്തിനിയമം പതുക്കെ ഇല്ലാതെയാക്കാന്‍ പല ഭാഗങ്ങളില്‍നിന്നും ശ്രമങ്ങള്‍ നടന്നപ്പോള്‍, രാജ്യത്തുടനീളം മുസ്്‌ലിം ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. കേരളത്തില്‍ അതിനു നേതൃത്വം നല്‍കിയത് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അന്നത്തെ കാര്യദര്‍ശി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍ ആയിരുന്നു.
ഇതര സമുദായങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയും കഴിയണമെന്ന പാരമ്പര്യ ഇസ്്‌ലാമിന്റെ നിലപാടുതറയില്‍ ഉറച്ചുനിന്ന സംഘടനയാണ് സമസ്ത. അതിനെതിരേ വരുന്ന ഏതു ചെറുനീക്കങ്ങളെയും ഈ പണ്ഡിതസഭ പ്രതിരോധിച്ചിട്ടുണ്ട്. മതപ്രബോധനം എന്ന പേരില്‍ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്പര ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ക്കാന്‍ സമസ്ത ആരെയും അനുവദിച്ചില്ല. അതില്‍ അകത്തുള്ളവരോടും പുറത്തുള്ളവരോടും ഒരേ സമീപനമാണ് സ്വീകരിച്ചത്. ഇസ്്‌ലാമിനെയും അതിന്റെ പ്രവാചകനെയും നീചമായ ഭാഷയില്‍ അവതരിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും മതപ്രചാരണത്തിന്റെ പേരില്‍ ചില ക്രൈസ്തവ മിഷണറിമാര്‍ ശ്രമിച്ചപ്പോള്‍ സമസ്തയ്്ക്ക് ഇടപെടേണ്ടിവന്നു. 1980കളില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി എടക്കര ഭാഗങ്ങളില്‍, മതപ്രചാരണത്തിന്റെ പേരില്‍ മിഷണറിമാരില്‍നിന്ന് ഇത്തരം ചില ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍, സമസ്തയുടെ കാര്യദര്‍ശി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍ അവിടെ സ്റ്റേജ് കെട്ടി. പരിസരപ്രദേശങ്ങളിലെ പാതിരിമാരുടെ മുഴുവനും മുന്നിലെത്തി, സാമുദായികസൗഹൃദം തകര്‍ത്തുകളയാനുള്ള ശ്രമങ്ങളെക്കുറിച്ച് ഗൗരവം ചോരാതെ സംസാരിച്ചു. സാമുദായിക സൗഹൃദം തകര്‍ക്കുന്ന ഒരു നീക്കത്തോടും രാജിയാകാന്‍ സമസ്ത തയാറല്ലെന്നാണു ശംസുല്‍ ഉലമയുടെ ഈ വാക്കുകള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ വര്‍ഗീയ തീവ്രവാദ സ്വരങ്ങളെയും സമസ്ത ശക്തമായി തന്നെ നേരിട്ടു. മുസ്്‌ലിം സമുദായത്തിനകത്തുള്ളതിനെയും പുറത്തുള്ളതിനെയും ഇക്കാര്യത്തില്‍ ഒരുപോലെ കണ്ടു. 1950കളില്‍ കോഴിക്കോട്ടു വച്ച് ആര്‍.എസ്.എസ് വര്‍ഗീയപരമായ പ്രസ്താവന ഇറക്കിയപ്പോള്‍ അതിനെ നഖശിഖാന്തം സമസ്ത എതിര്‍ത്തതു കാണാം. 1950 ഏപ്രില്‍ 29, 30ന് വളാഞ്ചേരിയില്‍ മൗലാന അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.എസ്.എസിന്റെ പ്രസ്തുത വര്‍ഗീയ പ്രസ്താവനക്കെതിരേ പ്രതിഷേധ പ്രമേയം പാസാക്കിയിരുന്നു. 14.10.1954ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന ആര്‍.എസ്.എസ് വിദ്യാര്‍ഥി വിഭാഗത്തിന്റെ യോഗത്തില്‍ മുസ്്‌ലിംകളെ അപമാനിക്കുന്നതും പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കേളപ്പന്‍ നായരുടെ പ്രസ്താവനക്കെതിരേയാണ് അന്ന് പ്രതിഷേധ പ്രമേയം പാസാക്കിയത്.

ഈ നിലപാടു തന്നെയാണ് സമുദായത്തിനകത്തുള്ള തീവ്ര വര്‍ഗീയ കക്ഷികളോടും സമസ്ത സ്വീകരിച്ചത്. 1992 ഡിസംബര്‍ ആറിനു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, ഇവിടെ നിലനിന്നിരുന്ന വൈകാരികമായ സാമുദായികാന്തരീക്ഷത്തെ ചൂഷണം ചെയ്ത് വിവിധ കക്ഷികള്‍ ഇറങ്ങിയപ്പോള്‍ അവയെല്ലാം മുളയിലേ നുള്ളിക്കളയാന്‍ സമസ്ത പണിയെടുത്തു. അന്നു വൈകാരികതയുടെ തേരിലേറി നടന്നിരുന്ന അബ്ദുന്നാസര്‍ മഅ്്ദനിയെയും അദ്ദേഹത്തിന്റെ ഐ.എസ്.എസിനെയും സമസ്തയും അതിന്റെ കീഴ്കടകങ്ങളും വേണ്ടതുപോലെ കൈകാര്യം ചെയ്തു. 29.11.1992ന് എസ്.കെ.എസ്.എസ്.എഫ് പരസ്യമായി തന്നെ ഐ.എസ്.എസിനും അതിന്റെ ചെയര്‍മാനും എതിരേ രംഗത്തുവന്നു.
അതേസമയത്തു തന്നെ 'ഇന്ത്യയുടെ മോചനം ഇസ്്‌ലാമിലൂടെ' എന്ന മുദ്രാവാക്യമുയര്‍ത്തി സിമി രംഗത്തുവന്നപ്പോഴും അതു പിന്നീട് എന്‍.ഡി.എഫ് ആയി പരിണമിച്ചപ്പോഴും പോപ്പുലര്‍ ഫ്രണ്ട് ആയി രൂപംമാറിയപ്പോഴും എല്ലാം സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും ശക്തമായി അവയെ നേരിട്ടു.

മതഭൗതിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ പരസ്പരം ഏറ്റുമുട്ടാതെ സമുദായത്തിന്റെ മതഭൗതിക പുരോഗതി സാധ്യമാക്കി എന്നതാണ് സമസ്ത ചെയ്ത ഏറ്റവും വലിയ സംഭാവനകളിലൊന്ന്.  1928ല്‍ തന്നെ മലയാളം, ഉറുദു, ഇംഗ്ലിഷ് ഭാഷകള്‍ പഠിക്കാന്‍ താനൂര്‍ ഇസ്്‌ലാഹുല്‍ ഉലൂമില്‍ സൗകര്യം ഒരുക്കിത്തരണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട പ്രസ്ഥാനമാണ് സമസ്ത. 1933 മാര്‍ച്ച് അഞ്ചിനു ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനം, മലബാറില്‍ മതവൈജ്ഞാനിക കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു. 1951ല്‍ സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു രൂപം നല്‍കി. ഇന്ന് ആ സംവിധാനം ലോകത്തുതന്നെ തുല്യതയില്ലാത്ത മതവിദ്യാഭ്യാസ ഏജന്‍സിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

നാം ജീവിക്കുന്ന രാജ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് രൂപീകരിക്കുന്നതിലും സമസ്ത ഇളംതലമുറയെ സജ്ജമാക്കുന്നു. അതിവൈകാരികതയ്്ക്ക് അടിപ്പെട്ടുകൊണ്ട് സമൂഹത്തില്‍ ചിലര്‍ നടത്തുന്ന തീവ്രവാദ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ശൈലികള്‍ക്കും സമസ്ത എന്നും എതിരുനിന്ന പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ മുസ്്‌ലിം സമുദായത്തില്‍നിന്നു തന്നെയുള്ള ചിലരുടെ എതിര്‍പ്പ് സമസ്തക്കു നേരെ ശക്തമായി ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഒരു നൂറ്റാണ്ടുകാലമായി പാരമ്പര്യ ഇസ്്‌ലാമിന്റെ വിശുദ്ധമായ നിലപാടില്‍ സമസ്ത ഉറച്ചുനില്‍ക്കുന്നു. നിലവിൽ സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ. ആലിക്കുട്ടി മുസ്്ലിയാർ , പി.പി ഉമർ മുസ്്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ മത സാമൂഹിക സാമുദായിക രംഗങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയാണ് സമസ്ത മുന്നേറുന്നത്.         



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  2 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  2 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  2 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  2 days ago