മലപ്പുറം കണ്ണൂരാക്കാന്‍ ശ്രമിച്ചാല്‍ അത് സി.പി.എമ്മിന്റെ അവസാനത്തിന്റെ തുടക്കമാകും: സാദിഖലി തങ്ങള്‍
മലപ്പുറം: ശാന്തിക്കും സമാധാനത്തിനും കേളികേട്ട മലപ്പുറത്തെ അക്രമരാഷ്ട്രീയത്തിലൂടെ കണ്ണൂരാക്കാന്‍ സി.പി.എം ശ്രമിച്ചാല്‍ അതവരുടെ അവസാനത്തിന്റെ ആരംഭമായിരിക്കുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മലപ്പുറത്ത് നടന്ന ജില്ലാ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. അക്രമാസക്തരായ സി.പി.എമ്മുകാരുടെയും പേ പിടിച്ച തെരുവ് നായകളുടെയും ആക്രമണ ഭീഷണിയിലാണ് കേരളം. ഗോഡ്സ് ഓണ്‍ കണ്ട്രി ആയ കേരളം ഇന്ന് ഡോഗ്സ് ഓണ്‍ കണ്ട്രിയായി മാറിയിരിക്കുന്നു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതില്‍ മുഴുവന്‍ ഘടകകക്ഷികളും ആത്മാര്‍ത്ഥത പുലര്‍ത്തണം. യു.ഡി.എഫിലെ ഐക്യമില്ലായ്മയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് കാരണമായത്. മുന്നണി ഐക്യം ദൃഢമായാല്‍ ഒരു ശക്തിക്കും യു.ഡി.എഫിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് സമിതിയംഗം വി.എം ഉമ്മര്‍ മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് കാംപെയിന് വിശദീകരണം നടത്തി. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന സെക്രട്ടറിമാരായ പി.വി അബ്ദുല്‍വഹാബ് എം.പി, സി.പി ബാവ ഹാജി, അഡ്വ. യു.എ ലത്തീഫ്, ജില്ലാ ഭാരവാഹികളായ അഡ്വ. കെ.എന്‍.എ ഖാദര്‍, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, കെ. മുഹമ്മദുണ്ണി ഹാജി, അഷ്റഫ് കോക്കൂര്‍, പി. സൈതലവി മാസ്റ്റര്‍, എം.എ. ഖാദര്‍, സലീം കുരുവമ്പലം, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, ടി.വി ഇബ്രാഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."