കൊലക്കേസ് പ്രതിയുടെ ആത്മഹത്യാശ്രമം പൊലിസ് ഇടപെട്ടു തടഞ്ഞു
കാഞ്ഞങ്ങാട്: ആത്മഹത്യയ്ക്കു ശ്രമിച്ച കൊലക്കേസ് പ്രതിയെ പൊലിസ് രക്ഷിച്ചു. ആത്മഹത്യ ശ്രമത്തിനു ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തു. കോട്ടച്ചേരി മേലാങ്കോട്ടെ രാമന്റെ മകന് കുഞ്ഞികൃഷ്ണനെ(55)തിരേയാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഉത്രാട ദിവസം ചന്തേരയില്‍ വച്ച് ഇളയച്ചനായ വി.വി കുഞ്ഞിക്കണ്ണന്റെ മകന് പി രാജേഷിനെ കൊല ചെയ്ത കേസില്‍ പ്രതിയായ കുഞ്ഞികൃഷ്ണന് ജാമ്യത്തിലിറങ്ങി മേലങ്കോട്ടെ ഭാര്യ വീട്ടില്‍ താമസിച്ചു വരുകയായിരുന്നു.
കഴിഞ്ഞ ദിവസം ഭാര്യയേയും മക്കളേയും പുറത്താക്കി കതകടച്ച് വീട്ടിനകത്ത് ഇയാള്‍ തൂങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ബഹളം വച്ച് ആളുകളെ കൂട്ടി പൊലിസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ലുങ്കികൊണ്ടു കഴുത്തില്‍ കുരുക്കിട്ടു തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ കണ്ട കുഞ്ഞികൃഷ്ണനെ പൊലിസ് വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറി താഴെയിറക്കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മാസങ്ങളോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന കുഞ്ഞികൃഷ്ണന് മേലാങ്കോട്ടെ വീട്ടിലെത്തി ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലിസ് ഇതിനു മുമ്പ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."