ഓണ നാളുകളില്‍ കുന്നംകുളത്ത് ഗതാഗത പരിഷ്‌ക്കാരത്തിന് തീരുമാനം അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍
കുന്നംകുളം: ഓണ നാളുകളില്‍ നഗരത്തില്‍ വീണ്ടും ഗതാഗത പരിഷ്‌ക്കാരത്തിന് തീരുമാനം. അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളും, ജീവനക്കാരും. കച്ചവടക്കാരെ പ്രീതിപെടുത്താനുള്ള നഗരസഭയുടെ തന്ത്രമെന്നും, ട്രാഫിക്ക് പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും ബസുടമകള്‍.
തേങ്ങാ പൂളുപോലെയുള്ള ഇത്തിരി വട്ടത്തിലുള്ള നഗരത്തില്‍ കാലങ്ങളായി വ്യത്യസ്തമായ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങളുമായി അധികാരികള്‍ രംഗത്തിറങ്ങുന്നുണ്ടെങ്കിലും അവയെല്ലാം ട്രാഫിക്ക് നിയന്ത്രിക്കുന്ന പൊലിസും വാഹന യാത്രക്കാരും തമ്മിലുള്ള തര്‍ക്കത്തിനു വഴിവെക്കുന്നതല്ലാതെ മറ്റു ഗുണങ്ങളൊന്നും ഇന്നോളം ഉണ്ടായിട്ടില്ല. കഴിഞ്ഞ ഭരണ സമിതി അധികാരത്തില്‍ വന്ന് മൂന്ന് മാസം പിന്നിടും മുന്‍പ് നിര്‍ധിഷ്ട ബസ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനെന്ന പേരിലുണ്ടാക്കിയെടുത്ത അതേ പരിഷ്‌ക്കാരം തന്നെയാണ് നിലവിലുള്ള ഭരണ സമിതിയും കൈകൊണ്ടത്.
അന്ന് പരിഷ്‌ക്കാരത്തിനെതിരെ വാളെടുത്ത് യുദ്ധത്തിനിറങ്ങിയ പ്രതിപക്ഷ കക്ഷികള്‍ തന്നെ പിന്നീട് ഭരണത്തിലെത്തിയപ്പോള്‍ അതേ നിലപാടിലേക്ക് നീങ്ങുന്നതോടെയാണ് ബസുടമകള്‍ പ്രതിഷേധ സ്വരമുയര്‍ത്തിയത്.
നിലവില്‍ നഗരത്തില്‍ വലിയ പ്രയാസങ്ങളില്ലാതെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. പട്ടാമ്പി റോഡിലുള്ള വ്യാപാരികള്‍ക്ക് ഓണക്കാലത്ത് കച്ചവടത്തിന് ചെറിയ ബുദ്ധിമുട്ടുണ്ടാകുമെന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.
നിര്‍ധിഷ്ട ബസ്റ്റാന്‍ഡ് വഴി വാഹനങ്ങള്‍ തിരിച്ചു വിട്ടാല്‍ ഇവിടുത്തെ കച്ചവടക്കാര്‍ക്കും ഓണം പൊടിപൊടിക്കും. എന്നാല്‍ ഇതിനെല്ലാം നഗരത്തിലോടുന്ന നാനൂറില്‍ പരം ബസുകള്‍ വട്ടം കറങ്ങേണ്ടി വരുമെന്നാതാണ് വാസ്തവം.
പരിഷ്‌ക്കാരം സംബന്ധിച്ച് തീരുമാനിക്കാന്‍ വാഹന ഉടമകളേയോ, പ്രദേശവാസികളേയോ അറിയിക്കാതെ ആര്‍.ടി.ഒ, തഹസീല്‍ദാര്‍, നഗരസഭ ഭരണ സമിതിയും പ്രതിപക്ഷവും മാത്രം ഇരുന്നാണ് ചര്‍ച്ചചെയ്തതെന്നാണ് മറ്റൊരു ആക്ഷേപം. പരിഷ്‌ക്കാരം നടപ്പിലാക്കേണ്ട പൊലിസും നിലവിലെ സമ്പ്രദായത്തെ അനുകൂലിക്കുന്നില്ല.
ബസ്റ്റാന്‍ഡില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനം നഗരം ചുറ്റി കുറഞ്ഞത് ഒരു കിലോമീറ്റര്‍ അധികം ചുറ്റിതിരിയണം. ഇത് കൊണ്ട് യാത്രക്കാര്‍ക്കോ, നഗരത്തിനോ പ്രയോജനമില്ല. പിന്നെന്തിനാണ് ധൃതിപെട്ടിങ്ങിനെയൊരു പരിഷ്‌ക്കാരമെന്നാണ് ബസുടമകള്‍ ചോദിക്കുന്നത്. ചില കച്ചവടക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടിയാണിതെന്നും ഇത് നടപ്പി ലാക്കാന്‍ ശ്രമിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബസ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഹരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."