സ്റ്റേറ്റ് ഡയറി ലാബ് ഇന്ന് നാടിനു സമര്‍പ്പിക്കും
തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലാബ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. പുതുതായി ആരംഭിച്ച കാലിത്തീറ്റ ഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനവും ക്ഷീരസഹകാരി അവാര്‍ഡ് വിതരണവും ഇതേ ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
ക്ഷീരവകസന ഡയറക്ടറേറ്റിനോട് അനുബന്ധിച്ച് പാലിന്റെയും പാലുല്‍പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാന്‍ നാലു കോടി രൂപ ചെലവഴിച്ചാണ് അന്തര്‍ദേശീയ നിലവാരമുള്ള സ്റ്റേറ്റ് ഡയറി ലാബ് സജ്ജീകരിച്ചത്.
ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചുള്ള പാലിന്റെയും പാലുല്‍പന്നങ്ങളുടെയും രാസപരിശോധനയ്ക്കും അണുഗുണനിലവാര പരിശോധനയ്ക്കും കാലിത്തീറ്റയുടെയും വെള്ളത്തിന്റെയും ഗുണനിലവാര പരിശോധനയ്ക്കുമുള്ള നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷന്‍ ഈ ലാബിനു ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ പാല്‍, പാലുല്‍പനങ്ങള്‍, കാലിത്തീറ്റ, കുടിവെള്ളം എന്നിവ പരിശോധിക്കുന്നതിന് അക്രഡിറ്റേഷന്‍ ലഭിച്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഏക ലാബാണിത്.
ഇന്ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസന മന്ത്രി കെ. രാജു അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."