കൊണ്ടോട്ടിയില്‍ വഴിയാത്രക്കാരന് വഴിവിളക്കുമായി ഓ.കെയുടെ ആറു പതിറ്റാണ്ടിന്റെ ജീവിതം
കൊണ്ടോട്ടി: ഓ.കെ മുഹമ്മദ് ഹാജിയെ നമുക്ക് ഇങ്ങിനെ പരിചയപ്പെടാം.വഴി തേടിയെത്തുന്നവന് വഴി കാട്ടാന്‍ വഴിവിളക്കുമായി കെണ്ടോട്ടിയില്‍ ഒരാള്‍. കൊണ്ടോട്ടിയുടെ നഗരവാരിധി നടുവില്‍ ഓ.കെ എന്ന രണ്ടക്ഷരം യാത്രക്കാര്‍ക്ക് സഹായഹസ്തവുമായി എത്തിയിട്ട് ആറ് പതിറ്റാണ്ടായി. കൊണ്ടോട്ടി ചെമ്മണ്‍ പാതയോരത്ത് നിന്ന് നിന്ന് തിരക്കേറിയ നഗര ജീവിതത്തിലേക്ക് മാറിയപ്പോഴും ഓടക്കല്‍ മുഹമ്മദ് ഹാജി എന്ന നാട്ടുകാരുടെ ഓ.കെ മാത്രം തലയിലൊരു തൊപ്പിയും വെളുത്തുനീണ്ട താടിയും തോളത്ത് കയറ്റിയിട്ട മുണ്ടും ജുബ്ബയുമായി ഇന്നും ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ സ്ഥലപ്പേര് വിളിച്ച് പറഞ്ഞ് യാത്രക്കാര്‍ക്ക് വഴികാട്ടിയായി നിറഞ്ഞു നില്‍ക്കുന്നു. അറുപത് വര്‍ഷക്കാലമായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ സ്ഥലപ്പേര് വിളിച്ചു പറഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒ.കെ രാഷ്ട്രീയ-മത-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമാണ്.
കൊണ്ടോട്ടിക്കടുത്ത് നീറാട്ട് പരേതരായ വെളിയത്തില്‍ ഓടക്കല്‍ ഉണ്ണീന്‍കുട്ടി-ഉണ്ണീമ ദമ്പതികളുടെ മകനായ ഒ.കെ മുഹമ്മദ് 12-ാം വയസിലാണ് ജീവിതം കരുപ്പിടിപ്പിക്കാനായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലെത്തിയത്. പൊലിസ് സ്‌റ്റേഷന്‍ പരിസരത്തെ പഴയ ബസ് സ്റ്റാന്‍ഡ് മാത്രമായിരുന്നു അന്നത്തെ കൊണ്ടോട്ടി. പിതാവ് ഉണ്ണീന്‍കുട്ടി ബസ് സ്റ്റാന്‍ഡിലെ ചുമട്ട് തൊഴിലാളിയായിരുന്നതിനാല്‍ പിതാവിനെ സഹായിക്കുകയായിരുന്നു മുഹമ്മദ്. പിന്നീടാണ് ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് ബസുകളുടെ സമയവും റൂട്ടും അറിയിച്ച് സഹായി ആയത്.അണ കൂലിയായി കിട്ടിയിരുന്ന കാലമായിരുന്നു അന്നെന്ന് അദ്ദേഹം പറഞ്ഞു.
ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരുമായി സൗഹൃദം സ്ഥാപിക്കുന്നുവെന്നതും ഒ.കെ.മുഹമ്മദ് ഹാജിയെ വേറിട്ടു നിര്‍ത്തുന്നുണ്ട്.സാധാരണക്കാരന്‍ മുതല്‍ മതപണ്ഡിതന്മാരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും ഒ.കെക്ക് പരിചതരാണ്. ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഇ.കെ ഹസ്സന്‍ മുസ്‌ലിയാര്‍, ആമയൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, കെ.സി അബൂബക്കര്‍ മൗലവി അടക്കമുള്ളവരെ ബസ് കയറ്റാനും അവര്‍ക്ക് സമയമറിയിക്കാനും അതുവഴി സൗഹൃദം സ്ഥാപിക്കാനും ഓകെക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഓ.കെ യുടെ നിറം പച്ചയാണ്. മുസ്‌ലിംലീഗിനെ ആര് എതിര്‍ത്തു പറഞ്ഞാലും ഓ.കെ തന്റെ അറിവ് വെച്ച് ഖണ്ഡിക്കും. ലീഗിലെ പാണക്കാട് കുടുംബം തൊട്ട് പി.കെ കുഞ്ഞാലിക്കുട്ടിവരെയുള്ള എല്ലാ പ്രമുഖരുമായും അടപ്പമുള്ള ഓ.കെ മുഹമ്മദ് ഹാജി പൊതു വേദിയിലേക്ക് നേതാക്കളെത്തുന്നതോടെ തന്നെ അവരോടൊപ്പം ഓരം ചേര്‍ന്ന് നില്‍ക്കുന്നുണ്ടാകും. അത് നേതാക്കളെല്ലാം തനിക്ക് നല്‍കിയ പ്രത്യേക അംഗീകാരമാണെന്ന് അദ്ദേഹം പറയുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ കളഞ്ഞ് കിട്ടിയ സ്വര്‍ണമടക്കമുളള വസ്തുക്കള്‍ ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ചും ഗതാഗതക്കുരുക്കില്‍ പൊലിസിനെ സഹായിച്ചും ഒ.കെ മാതൃക കാട്ടിയിട്ടുണ്ട്.അറുപത് വര്‍ഷത്തിനിടെ കൊണ്ടോട്ടി വളര്‍ന്ന് വലുതായെങ്കിലും ഓ.കെ.ബൈപ്പാസ് റോഡിലെ ബസ് സ്റ്റാന്‍ഡിലെപ്പോഴും യാത്രക്കാര്‍ക്ക് കൈത്താങ്ങായി ജീവിതം സമര്‍പ്പിക്കുകയാണ്.എഴുത്തിനാലാം വയസ്സിലും യുവത്വത്തിന്റെ പ്രസരിപ്പോടെ.
ഒ.കെ മുഹമ്മദ് ഹാജിയുടെ അര്‍പ്പണ ബോധത്തിന് ദമാം കെ.എം.സി.സി വ്യാഴാഴ്ച മോയീന്‍ കുട്ടിവൈദ്യര്‍ സ്മാരകത്തില്‍ വെച്ച് ആദരം ഒരുക്കുന്നുണ്ട്.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പൊന്നാട അണിയിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉപഹാരം നല്‍കും.അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനാകും. കെ.പി.എ മജീദ്, അഡ്വ.കെ.എന്‍.എ ഖാദര്‍, പി.കെ.കെ ബാവ തുടങ്ങി നിരവധി പേര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."