ബലിദാനത്തിന്റെ കര്‍മശാസ്ത്രം
ചരിത്രാതീതകാലം മുതല്‍ ലോകത്ത് നിലനിന്ന സമ്പ്രദായമാണ് ബലി. വിവിധസമൂഹങ്ങളിലും ഗോത്രങ്ങളിലും ഇത് നിലനിന്നിരുന്നു. അര്‍പ്പിത വസ്തുക്കള്‍ അര്‍പ്പിതര്‍ക്ക് എത്തുമെന്നോ അവര്‍ ഉപയോഗിക്കുമെന്നോ മറ്റുള്ളവരെപ്പോലെ മുസ്്‌ലിംകള്‍ വിശ്വസിക്കുന്നില്ല. ഇബ്‌റാഹിം നബി (അ)യുടെ ബലിഉദ്യമത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''ക്ഷമാശീലനായ ഒരു കുട്ടിയെക്കുറിച്ച് നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത നല്‍കി. തന്റെ കൂടെ ഓടിച്ചാടാനുള്ള സമയമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, മകനേ, നിന്നെ ഞാന്‍ അറക്കുന്നതായി സ്വപ്നം കാണുന്നു. നിന്റെ അഭിപ്രായം അറിയിച്ചാലും''. മകന്‍ പറഞ്ഞു: ''നിങ്ങളോട് കല്‍പ്പിക്കപ്പെട്ടതെന്തോ അതു ചെയ്യുക. അല്ലാഹു ഉദ്ദേശിച്ചാല്‍ ക്ഷമാശീലരില്‍ എന്നെ കാണാം''. അവര്‍ അനുസരിക്കുകയും കവിളോട് ചേര്‍ത്ത് മലഞ്ചെരുവില്‍ കിടത്തി അറക്കാന്‍ തുടങ്ങിയപ്പോള്‍ അല്ലാഹു പറഞ്ഞു: ''ഇബ്‌റാഹീം, നിങ്ങള്‍ സ്വപ്നം സാക്ഷാല്‍ക്കരിച്ചു.
അദ്ദേഹത്തിന് മഹത്തായ മറ്റൊരു ബലിയെ പകരം കൊടുത്തു, പിന്നീട് വരുന്നവര്‍ക്ക് അദ്ദേഹത്തിന്റെ മാതൃക ബാക്കിവച്ചുകൊണ്ട്. ഇബ്‌റാഹിമിനുമേല്‍ രക്ഷ ഉണ്ടാകട്ടെ. (സൂറത്തുസ്സ്വാഫാത്ത് 101-109). എന്നും ഈ സ്മരണ നിലനില്‍ക്കാന്‍ പ്രതീകാത്മകമായ ബലിദാനം അല്ലാഹു നിശ്ചയിക്കുകയും ജനങ്ങള്‍ അത് അനുഷ്ഠിക്കുകയും ചെയ്യുന്നു.
നിരവധി ഹദീസുകളില്‍ ബലിയെ കുറിച്ച് പ്രദിപാദിച്ചിട്ടുണ്ട്. 'ബലിപെരുന്നാള്‍ ദിനത്തില്‍ ബലിയര്‍പ്പണത്തേക്കാള്‍ അല്ലാഹു തൃപ്തിപ്പെടുന്ന മറ്റൊരു കാര്യവുമില്ല' (മുസ്്‌ലിം). 'ബലിമൃഗം അതിന്റെ കൊമ്പുകളോടും കുളമ്പുകളോടും കൂടി അന്ത്യനാളില്‍ വരികയും അതിന്റെ രക്തം ഭൂമിയില്‍ പതിക്കുന്നതിനു മുന്‍പ് അല്ലാഹുവുമായി ബന്ധപ്പെട്ട ഒരിടത്തില്‍ പതിക്കുന്നതുമാണ് '(തുര്‍മുദി). 'നിങ്ങളുടെ ഉള്ഹിയ്യത്തുകളെ നിങ്ങള്‍ മഹത്തരമാക്കൂ. സ്വിറാത്തില്‍ അത് നിങ്ങളുടെ വാഹനമാണ് '(റാഫിഈ). നബി (സ) രണ്ടു വെളുത്ത കൂറ്റനാടുകളെ ഉള്ഹിയ്യത്ത് അറുത്തിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. (ബുഖാരി, മുസ്്‌ലിം). അലി (റ) യോട് തന്റെ പേരില്‍ ബലിയര്‍പ്പിക്കാന്‍ (എല്ലാ വര്‍ഷവും) വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു. അലി (റ) അപ്രകാരം രണ്ട് ആടുകളെ അറുക്കുകയും ചെയ്തിരുന്നു (അബൂദാവൂദ്).
ആര്‍ക്കാണ് സുന്നത്ത് ?
നാല് പെരുന്നാള്‍ ദിനത്തിലെ (ദുല്‍ഹിജ്ജ് 10, അയ്യാമുത്തശ്രീകിന്റെ ദിനങ്ങള്‍) രാവും പകലും തന്റെയും ആശ്രിതരുടെയും ചെലവു കഴിച്ച് മിച്ചമുള്ള വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ശക്തിയായ സുന്നത്തും ഒഴിവാക്കല്‍ ശക്തിയായ കറാഹത്തുമാണ്. കടം ഉള്ഹിയ്യത്തിനു തടസമല്ല. ഒരു ബലിദാനം നടത്തിയാല്‍ അവന്റെ വീട്ടുകാര്‍ക്കും പ്രതിഫലം ലഭിക്കുന്നതാണ്. പിതാവിനു ആശ്രിതര്‍ക്കു വേണ്ടി അറുക്കാമെങ്കിലും ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കള്‍ക്കു വേണ്ടിയോ മരിച്ചവര്‍ക്കു വേണ്ടി വസ്വിയ്യത്തില്ലാതെ പറ്റുകയില്ല. പക്ഷെ, ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തില്‍ മരിച്ചവരെയോ അപരരെയോ പങ്കുചേര്‍ക്കാം.
ഉള്ഹിയ്യത്ത്
മൃഗങ്ങളും വയസും
ആട്, മാട്, ഒട്ടകങ്ങളല്ലാതെ കുതിരയെയോ കാട്ടുമൃഗങ്ങളെയോ അറുക്കാന്‍ പറ്റില്ല. ഒട്ടകം അഞ്ച് വയസ്സ്, മാട്, കോലാട് രണ്ട് വയസ്സ്, നെയ്യാട് (ചെമ്മരിയാട്) ഒരു വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9348) പല്ല് കൊഴിയല്‍ മൃഗങ്ങളുടെ പ്രായപൂര്‍ത്തിയുടെ അടയാളമാണ്. ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃഗമാണു ഉചിതം.
ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഏഴുപേര്‍ വിവിധ ഉദ്ദേശ്യക്കാരായാലും മതി. ഉദാ: ഒരാള്‍ ഉള്ഹിയ്യത്ത്, മറ്റൊരാള്‍ അഖീഖത്ത്, അപരന്‍ കഫാറത്ത്, അപരന്‍ വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. ഒരു ആടില്‍ പങ്കാളിത്തമില്ല. ജാബിര്‍ (റ) പറയുന്നു: ''ഞങ്ങള്‍ തിരുമേനിയോടൊപ്പം ഹുദൈബിയയില്‍വച്ച് ഏഴുപേര്‍ വീതം പശുവിനെയും ഒട്ടകത്തെയും ഉള്ഹിയ്യത്ത് അറുത്തിരുന്നു (മുസ്‌ലിം).
ഉള്ഹിയ്യത്തിന്റെ സമയം
പെരുന്നാള്‍ ദിവസം ഉദയത്തിനുശേഷം രണ്ട് റക്അത്ത് നിസ്‌കാരവും ചുരുങ്ങിയ നിലയില്‍ രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉള്ഹിയ്യത്തിന്റെ സമയമായി. അയ്യാമുത്തശ്‌രീഖിന്റെ അവസാനദിവസം വരെ (ദുല്‍ഹിജ്ജ 13) അറുക്കാം. നേര്‍ച്ചയാക്കിയത് സമയം കഴിഞ്ഞാല്‍ ഖളാവീട്ടി അറുക്കണം. സമയത്തിന്റെ മുന്‍പ് അറുത്താല്‍ ഉള്ഹിയ്യത്താവുകയില്ല (ബുഖാരി, മുസ്്‌ലിം).
മൃഗത്തിന്റെ നിറത്തില്‍ തൂവെള്ള, മഞ്ഞ, ശുദ്ധമല്ലാത്ത വെള്ള, ചുവപ്പ്, വെള്ളയും മറ്റ് നിറങ്ങളും കലര്‍ന്നത്, കറുപ്പ് എന്നീ ക്രമത്തില്‍ പോകുന്നു ശ്രേഷ്ഠതയുടെ നിലപാട്.
ബലിമൃഗങ്ങള്‍
മാംസം കൊഴുപ്പ് മുതലായവക്ക് കുറവുണ്ടാക്കുന്ന യാതൊരു ദോഷവും കുറ്റവും ബലിമൃഗങ്ങള്‍ക്കുണ്ടാകാന്‍ പാടില്ല. അമിതമായി മെലിഞ്ഞതും മേഞ്ഞുതിന്നാന്‍ കഴിയാത്തതും ചെവിയില്‍ നിന്നോ മറ്റോ ഛേദിക്കപ്പെട്ടതും ചൊറിബാധിച്ചതും പറ്റില്ല. പക്ഷേ, കൊമ്പില്ലാത്തവയും ഭക്ഷ്യവസ്തുവിന് ദോഷം പറ്റാത്തവിധത്തില്‍ കൊമ്പ് മുറിഞ്ഞുപോയതും ചെവി പിളരുകയോ ഓട്ടയാവുകയോ ചെയ്തതും അതില്‍ നിന്ന് വല്ലതും അടര്‍ന്ന് പോയിട്ടില്ലെങ്കില്‍ പറ്റും. ചില പല്ലുകള്‍ പോയതും ജന്മനാ അകിട്, വാല്‍ കൂടാതെ ജനിച്ചതും ഉള്ഹിയത്തിനു പരിഗണനീയമാണ്. എന്നാല്‍ ജന്മനാ ചെവി ഇല്ലാത്തതും ചെവി ഒരു കഷ്ണമെങ്കിലും ഛേദിക്കപ്പെട്ടതും വാല്‍ മുഴുവനായോ അല്‍പമെങ്കിലും മുറിക്കപ്പെട്ടതും പറ്റുകയില്ല. ഗര്‍ഭമുള്ളതും അടുത്ത് പ്രസവിച്ചതും ബലിക്ക് പറ്റില്ലെന്നാണ് പ്രബലം.
ഉപഭോഗം
നേര്‍ച്ച കൊണ്ടോ മറ്റോ നിര്‍ബന്ധമായ ഉള്ഹിയ്യത്തില്‍ നിന്ന് ഉടമസ്ഥനോ ആശ്രിതരോ അല്‍പം പോലും ഭക്ഷിക്കല്‍ ഹറാമാണ്. സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് മാംസം അല്‍പമെങ്കിലും ധര്‍മം ചെയ്ത് ബാക്കി ഭക്ഷിക്കാവുന്നതാണ്. ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. സ്വന്തമായി എടുക്കുന്നത് മൂന്നിലൊന്നില്‍ കൂടാതിരിക്കാനും ധര്‍മം ചെയ്യുന്നത് മൂന്നിലൊന്നില്‍ കുറയാതിരിക്കാനും ബാക്കി ബന്ധുമിത്രാദികള്‍ക്കോ കുടുംബക്കാര്‍ക്കോ കൊടുക്കാനും ശ്രദ്ധിക്കണം. മാംസം ലഭിച്ച ദരിദ്രര്‍ക്ക് മാംസം വില്‍ക്കുകയോ മറ്റോ ചെയ്യാമെങ്കിലും സമ്പന്നര്‍ കിട്ടിയ മാംസം വില്‍ക്കാന്‍ പാടില്ല. അമുസ്്‌ലിംകള്‍ക്ക് മാംസം വില്‍ക്കാനോ ദാനമായി കൊടുക്കാനോ പാടില്ല. പക്ഷേ, മാംസപ്പണികള്‍ക്ക് അമുസ്്‌ലിമിനെ ഏല്‍പിക്കാം.
സുന്നത്തായ ബലിദാനത്തിന്റെ തോല്‍ സ്വന്താവശ്യത്തിനുവേണ്ടി എടുക്കല്‍കൊണ്ടോ, മറ്റുള്ളവര്‍ക്ക് കൊടുക്കല്‍കൊണ്ടോ വിരോധമില്ല. തോലോ, മറ്റോ വില്‍പ്പന നടത്താനോ കശാപ്പുകാരന് കൂലിയായി കൊടുക്കാനോ പാടില്ല. അറുത്ത് വിതരണം ചെയ്യാനുള്ള ചെലവുകള്‍ അറുക്കുന്നവന്‍ നിര്‍വഹിക്കണം. 'ഉള്ഹിയ്യത്തിന്റെ തോല്‍ വില്‍പന നടത്തല്‍ ഹറാമാണ്.' (തുഹ്ഫ 9365) ദാനമായി കിട്ടിയത് വില്‍ക്കാവുന്നതാണ്. പുരുഷന്‍ സ്വന്തം കരങ്ങളെക്കൊണ്ട് അറുക്കലാണുത്തമം. അറുക്കാന്‍ മറ്റുള്ളവരെ പ്രതിനിധിയാക്കുകയാണെങ്കില്‍, അറുക്കുന്ന സ്ഥലത്ത് ഇവര്‍ ഹാജരാവല്‍ സുന്നത്തുണ്ട്. സ്ത്രീയാണ് ബലിദാനം ചെയ്യുന്നതെങ്കില്‍ അറുക്കാന്‍ മറ്റൊരാളെ ഏല്‍പിക്കുന്നതാണ് ഉത്തമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."