അടിയൊഴുക്കറിയാതെ തലസ്ഥാനം
രാഷ്ട്രീയ അടിയൊഴുക്കുകള്‍ സുപരിചിതമായ തലസ്ഥാനത്ത് സ്വന്തം ദിക്കിലേക്ക് അടിയൊഴുക്ക് സൃഷ്ടിക്കുന്നതിനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. വികസനരേഖ മുതല്‍ ആരോപണ, പ്രത്യാരോപണങ്ങള്‍ വരെയുള്ള സകല അടവുകളും പുറത്തെടുത്ത് കഴിഞ്ഞു.
പൗരത്വഭേദഗതി നിയമവും മണിപ്പൂരിലെ ഈസ്റ്റര്‍ അവധിയും പോലുള്ള ദേശീയ പ്രശ്നങ്ങള്‍ മുതല്‍ വിഴിഞ്ഞം പദ്ധതി, തലസ്ഥാനത്തെ റോഡ് വികസനം, തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങള്‍ വരെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. അങ്കത്തട്ടില്‍ പ്രചാരണം കൊട്ടിക്കലാശിക്കുമ്പോള്‍ എന്ത് സംഭവിക്കും..? ഉത്തരം പ്രവചനാതീതമായിക്കഴിഞ്ഞു.
വികസനമാണ് പ്രചാരണ വേദികളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. 2009 മുതല്‍ നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ട് നിരത്തുന്നതിനൊപ്പം പുതിയൊരു വികസനരേഖ കൂടി ശശി തരൂരിന്റെ യു.ഡി.എഫ് ക്യാംപ് പുറത്തിറക്കിക്കഴിഞ്ഞു. തരൂര്‍ എന്തുചെയ്തുവെന്ന ചോദ്യം എല്ലാ വേദികളിലും ഉന്നയിച്ചും കേന്ദ്രംഭരിച്ച ബി.ജെ.പി തലസ്ഥാനത്തെ അവഗണിക്കുകയായിരുന്നുവെന്ന വിമര്‍ശനമുയര്‍ത്തിയുമാണ് പന്ന്യന്‍ രവീന്ദ്രന്റെ എല്‍.ഡി.എഫ് ക്യാംപ് പ്രതിരോധം തീര്‍ക്കുന്നത്.
പരാതികളും ആശയങ്ങളും നവമാധ്യമങ്ങള്‍ വഴിയും മറ്റും സ്വീകരിച്ചും, അധികാരപരിധിയില്‍പെടാത്ത കാര്യങ്ങളില്‍ പോലും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയുമാണ് രാജീവ് ചന്ദ്രശേഖറിന്റെ എന്‍.ഡി.എ ക്യാംപ് കളംനിറഞ്ഞു നില്‍ക്കുന്നത്. മണ്ഡലവികസനത്തിനു സമഗ്ര രൂപരേഖ തയാറാക്കുന്നതിന് അവര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പ്രചാരണം പുരോഗമിക്കുമ്പോള്‍ മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്കായ, തീരദേശമുള്‍പ്പെടെയുള്ള ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ എല്‍.ഡി.എഫിനും എന്‍.ഡി.എയ്ക്കും പരുക്കേറ്റ സ്ഥിതിയാണ്. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് സംബന്ധിച്ച് അവകാശ വാദങ്ങള്‍ സജീവമാകുന്നതിനിടെയാണ് വിഴിഞ്ഞം മുക്കോലയില്‍ അദാനി ഗ്രൂപ്പിന്റെ തുറമുഖത്തെ നിര്‍മാണ പ്രവൃത്തികള്‍ക്കായി ടിപ്പറില്‍ കൊണ്ടുപോയ പാറ വീണ് യുവാവ് മരിച്ച ദാരുണ സംഭവമുണ്ടായത്.
മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതോടെ പ്രതിഷേധം അവസാനിച്ചെങ്കിലും തീരുമാനത്തിലേക്ക് എത്തുന്നത് വരെ പ്രതിഷേധത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കൂടിയുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിഷയത്തില്‍ മറുപടി പറയാന്‍പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു എല്‍.ഡി.എഫും എന്‍.ഡി.എയും.
പെസഹ വ്യാഴം, ദു:ഖ വെള്ളി ദിവസങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങളിലെത്തി വോട്ടുറപ്പിക്കുന്നതിനിടെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നുതന്നെ കിട്ടിയ അടി പുറത്ത് കാണിക്കാതിരിക്കാന്‍ എന്‍.ഡി.എ ക്യാംപ് കിണഞ്ഞുശ്രമിക്കുകയാണ്. മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ അതിക്രമം നേരിടുന്നുവെന്നും പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണമെന്നുമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ഡോ. തോമസ് ജെനെറ്റോ പ്രസംഗിച്ചത്. മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും പറഞ്ഞു.
ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ച് നടത്തിയ സംയുക്ത കുരിശിന്റെ വഴിയില്‍ ഇവര്‍ നടത്തിയ പ്രസംഗം എന്‍.ഡി.എയ്ക്ക് രാഷ്ട്രീയ കുരിശായി മാറിയിട്ടുണ്ട്. ന്യായവാദങ്ങള്‍ നിരത്താന്‍ ഇല്ലാത്തതുകൊണ്ട് വിമര്‍ശനങ്ങളോട് കണ്ണടക്കുകയാണ് എന്‍.ഡി.എ. ഇതിനിടയില്‍ മണിപ്പൂരില്‍ ഈസ്റ്റര്‍ അവധിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദവും രാജീവ് ചന്ദ്രശേഖരന് പ്രഹരമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലപര്യടനം ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയതോടെ എല്‍.ഡി.എഫ് ക്യാംപിന്റെ ആവേശം ഉച്ചസ്ഥായിയില്‍ ആയിക്കഴിഞ്ഞു.
യു.ഡി.എഫും എന്‍.ഡി.എയും താരപ്രചാരകരെ ഇറക്കാനിരിക്കുന്നതേ ഉള്ളൂ.
ഇന്ത്യയുടെ അഭിമാനം എന്ന മുഖവുരയോടെ വേദികളില്‍നിന്ന് വേദികളിലേക്ക് തരൂര്‍ എത്തുമ്പോള്‍ ലളിതജീവിതം, സാധാരണക്കാര്‍ക്കൊപ്പം തുടങ്ങിയ വിശേഷണങ്ങളോടെയാണ് പന്ന്യന്‍ രവീന്ദ്രനെത്തുന്നത്. വിവിധ സംഘടനകളുടെ ഇഫ്താര്‍ വിരുന്നുകളിലും രണ്ടുപേരും സജീവമായി പങ്കെടുക്കുന്നുണ്ട്.കേന്ദ്രമന്ത്രി എന്ന വിശേഷണം ആദ്യം പ്രയോഗിച്ചെങ്കിലും ചട്ടലംഘനമെന്ന പരാതി ഉയര്‍ന്നതോടെ ആ വിശേഷണമില്ലാതെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. തലസ്ഥാനത്തെ വികസന പ്രശ്‌നങ്ങളുടെയും ജനകീയ പ്രശ്‌നങ്ങളുടെയും പള്‍സ് അറിയാന്‍ കഴിയുന്നില്ല എന്നത് രാജീവ് ചന്ദ്രശേഖരനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
2009 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന തലസ്ഥാനം ഈ പ്രാവശ്യവും ആ പതിവ് ആവര്‍ത്തിക്കുമോ എന്ന് യു.ഡി.എഫ് ഉറ്റുനോക്കുമ്പോള്‍ തലസ്ഥാനത്ത് ഏറ്റവും അവസാനമായി (2005ല്‍) വിജയക്കൊടി പാറിച്ച നേതാവില്‍കൂടി മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് എല്‍.ഡി.എഫ് ക്യാംപ്. കൊണ്ടും കൊടുത്തും സ്ഥാനാര്‍ഥികള്‍ മുന്നേറുമ്പോള്‍ അങ്കത്തട്ടില്‍ ആരൊക്കെ വീഴുമെന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കു പക്ഷേ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."