ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർഥിയെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ
ആലപ്പുഴ: കെഎസ്ആർടിസി ഡ്രൈവർ വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമിച്ചു. ബൈക്കിൽ പോവുകയായിരുന്ന വിദ്യാർഥിയുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് കെഎസ്ആർടിസി ഡ്രൈവർ യദുകൃഷ്ണൻ എന്ന വിദ്യാർഥിയെ അപായപ്പെടുത്താൻ ശ്രമിച്ചത്. അരൂരിലാണ് സംഭവം. സംഭവത്തിൽ പൊലിസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് വിദ്യാർഥിയുടെ കുടുംബം.
അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം ഉണ്ടായത്. കോതമംഗലത്ത് വിദ്യാർഥിയായ യദുകൃഷ്ണൻ ബൈക്കിൽ കോളേജിലേക്ക് പോവുകയായിരുന്നു. തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവിസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യദുകൃഷ്‌ണന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിക്കുകയായിരുന്നു. യൂണിഫോം വസ്ത്രത്തിൽ ചെളി പുരണ്ടതിനാൽ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി.
ഇതോടെയാണ് വിദ്യാർഥി ബസിനെ പിന്തുടർന്നെത്തി ബസിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചത്. എന്നാൽ മുന്നിൽ ഒരാൾ നിന്നിട്ടും ബസ് നിർത്താതെ മുന്നിലേക്ക് എടുക്കുകയാണ് ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പ്രകാരം, വിദ്യാർഥി മുന്നിൽ നിൽക്കുമ്പോൾ വിദ്യാർഥിയെ പുറകോട്ട് തട്ടിക്കൊണ്ടുപോകുന്ന തരത്തിൽ ബസ് മുന്നോട്ട് എടുക്കുന്നത് വ്യക്തമാണ്. പുറകോട്ട് പോകുന്ന വിദ്യാർഥി ബസ് ഡ്രൈവറുടെ പ്രവർത്തിമൂലം റോഡിൽ വീണിരുന്നേൽ ബസ് ദേഹത്തേക്ക് കയറുമായിരുന്നു.
ചെളി തെറിപ്പിച്ച ഡ്രൈവർ വിദ്യാർഥിയെ അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുകയും പിന്നീട് വിദ്യാർഥി വശത്തേക്ക് നീങ്ങിയപ്പോൾ ബസ് എടുത്ത് മുന്നോട്ട് പോവുകയുമായിരുന്നു. സംഭവത്തിൽ പൊലിസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചു.
A KSRTC driver allegedly attempted to hit a student with a bus after being questioned for splashing dirty water on him. The student, Yadukrishnan, was riding a bike when the incident occurred in Aroor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."