ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ഇപ്പോള്‍ നടത്താം
തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ സംസ്ഥാന തൊഴില്‍ പുനരധിവാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അക്ഷയയില്‍ ആരംഭിച്ചു. സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കാന്‍ കഴിയാതെ വന്ന കുടുംബങ്ങള്‍ക്കുള്ള രജിസ്‌ട്രേഷനാണ് ഇപ്പോള്‍ നടക്കുന്നത്.
2017 മാര്‍ച്ച് 31 വരെ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് ഉടമകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വിവിധ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കാര്‍ഡുള്ളവര്‍, എസ്.സി എസ്.ടി വിഭാഗത്തിലുള്ളവര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം 15 ദിവസമെങ്കിലും തൊഴില്‍ ചെയ്ത കുടുംബത്തിലെ അംഗങ്ങള്‍, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍, മറ്റ് വിവിധ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍, ഈ വിഭാഗത്തില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍, വികലാംഗര്‍ ഉള്‍പ്പെടുന്ന പാവപ്പെട്ട കുടുംബങ്ങള്‍, വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍, പെന്‍ഷന്‍ ലഭിക്കുന്ന അംഗമായുള്ള കുടുംബാംഗങ്ങള്‍, ആശ്രയ കുടുംബാംഗങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, അംഗപരിമിതര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബാംഗങ്ങള്‍, ടാക്‌സി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, എച്ച്.ഐ.വി ബാധിതര്‍, ആക്രി പാഴ്‌വസ്തു ശേഖരിക്കുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍, തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ ഉള്ളവരും പെന്‍ഷന്‍ വാങ്ങുന്നവരും, കള്ളുചെത്തു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍ തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് വരുമാനപരിധി ബാധകമല്ല.
കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ട് കാര്‍ഡ് എടുക്കാത്തവരും ഈ അവസരം ഉപയോഗപ്പെടുത്തണം. 600 രൂപയോ അതില്‍ താഴെയോ പ്രതിമാസ വരുമാനം റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ കുടുംബാംഗങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ അംഗങ്ങളായി 15 ദിവസം തൊഴില്‍ ചെയ്ത് കാര്‍ഡുള്ളവര്‍ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി സെപ്തംബര്‍ 30. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
എന്നാല്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്ന വിവിധതരം മാതൃകാ ഫോറങ്ങള്‍ക്ക് ഫീസ് നല്‍കണം. കുടുംബത്തിലെ ഒരംഗം മാത്രം രജിസ്‌ട്രേഷന് വേണ്ടി അക്ഷയ സെന്ററില്‍ എത്തിയാല്‍ മതിയാകും. തൊഴില്‍ വിഭാഗ ക്ഷേമനിധി അംഗത്വമുള്ളവര്‍ അവ തെളിയിക്കുന്നതിനുള്ള രേഖ, പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ജാതി തെളിയിക്കുന്നതിനുള്ള രേഖയുടെ അസ്സല്‍, പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവയും റേഷന്‍ കാര്‍ഡിനൊപ്പം ഹാജരാക്കണം. എല്ലാ വിഭാഗക്കാര്‍ക്കും റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷം റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. റേഷന്‍കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിഗണിക്കും. ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ ആധാര്‍ എന്റോള്‍മെന്റ് നടക്കുന്ന അക്ഷയ കേന്ദ്രത്തിലെത്തി എടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."