കശ്മീര്‍: രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഇന്ന് യോഗം ചേരും
ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിസംഘം ഇന്ന് യോഗം ചേരും. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ഡല്‍ഹിയിലാണ് യോഗം ചേരുക.
രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം തിങ്കളാഴ്ച്ചയാണ് കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
സര്‍വ്വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ രാജ്നാഥ് സിങ് ഇന്നലെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും യോഗം.
സന്ദര്‍ശന വേളയില്‍ വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. ഹുറിയത് നേതാവ് സയീദ് അലി ഷാ ഗീലാനി അടക്കമുള്ളവരെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് ഡി. രാജ, ആര്‍ജെഡിയുടെ ജയ്പ്രകാശ് നാരായണ്‍ തുടങ്ങിയവര്‍ അവരുടെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച്ച നടത്താന്‍ വിസ്സമതിക്കുകയായിരുന്നു. വിഘടനവാദികളുടെ ഈ നിലപാട് ജനാധിപത്യത്തിനും മാനവികതയ്ക്കും എതിരാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
20 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള 26 എംപിമാരാണ് രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."